ക്രിക്കറ്റ് പരിശീലകൻ മനു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അതി ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ രക്ഷിതാക്കൾ മനുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

ഇയാൾ കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങൾ അടങ്ങിയ ഡിവൈസുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം, കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തുക്കളിലേക്കും കെസിഎയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തണം തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ പറയുന്നുണ്ട്.

ഇയാൾക്കെതിരെ നേരത്തേയുണ്ടായ കേസ് പണംകൊടുത്ത് ഒതുക്കിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മനു ഇപ്പോൾ റിമാൻഡിലാണ്. പത്തുവർഷത്തോളമായി ഇയാൾ പീഡനം തുടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പകർത്തിയതിനടക്കം നിലവിൽ ആറുകേസുകളാണ് മനുവിനെതിരെയുള്ളത്. ഇയാൾ അറസ്റ്റിലായതോടെ കൂടുതൽപ്പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്.

മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്പോൾ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.