കൊല്ലം: ഓച്ചിറയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ കൂടുതല്‍ വകുപ്പുകള്‍. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചതോടെയാണ് പീഡനത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി പോലീസ് റോഷനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തെ പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് റോഷനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിരുന്നു.
പുതിയ വകുപ്പുകള്‍ കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുന്നതോടെ റോഷനെതിരായ കേസ് കൂടുതല്‍ ശക്തിപ്പെടും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ക്കൊപ്പം വിടാനാണ് പോലീസ് തീരുമാനം. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചാല്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലേക്ക് കുട്ടിയെ മാറ്റാനാവും പോലീസ് ശ്രമിക്കുക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ആരോപണവുമായി റോഷന്റെ പിതാവ് രംഗത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ പ്രായം വ്യക്തമാക്കി മാതാപിതാക്കള്‍ നല്‍കിയ രേഖ വ്യാജമാണെന്നും പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതാണെന്നും കാണിച്ച് റോഷന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശി ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ഒരുസംഘം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഓച്ചിറ, വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് പെണ്‍കുട്ടിയുടെ കുടംബത്തിന്. കുട്ടിയെ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്. കേസില്‍ കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.
Leave a Reply