പഠന വൈകല്യവും ഓട്ടിസവും ബാധിച്ചവരെ എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാര്‍ അധിക്ഷേപിക്കുന്ന രംഗങ്ങളുമായി ഡോക്യുമെന്ററി പുറത്ത്. ബിബിസി പനോരമയാണ് ഞെട്ടിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടത്. കൗണ്ടി ഡേര്‍ഹാമിലെ വോള്‍ട്ടണ്‍ ഹോള്‍ കെയറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികളെ ജീവനക്കാര്‍ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതുമായ രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രോഗികളെ മനപൂര്‍വം ഉപദ്രവിക്കാറുണ്ടെന്ന് ആറ് ജീവനക്കാര്‍ ഒലിവിയയോട് പറഞ്ഞു. രോഗികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.
സംഭവം മാനസിക പീഡനമാണെന്ന് ലേബര്‍ കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പുറത്തുവന്നതിനെത്തുടര്‍ന്ന് ക്ഷമാപണവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ കണ്ട കാര്യങ്ങള്‍ അപലപനീയമാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ കരോളിന്‍ ഡൈനനേജ് കോമണ്‍സില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യ, പരിപാലന സംവിധാനങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണോ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും അവര്‍ വിശദീകരിച്ചു.
വീട്ടില്‍ നിന്ന് അകന്ന് ഇത്തരം കെയറുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ടത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 17 ബെഡുകളുള്ള ആശുപത്രി അന്വേഷണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഡേര്‍ഹാം കോണ്‍സ്റ്റാബുലറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗികളെ ഇവിടെ നിന്ന് മാറ്റുകയും സ്ഥാപനത്തിലെ 16 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2017ല്‍ വളരെ മികച്ച സ്ഥാപനമെന്ന് സാക്ഷ്യപ്പെടുത്തിയ കെയര്‍ ക്വാളിറ്റി കമ്മീഷനും സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply