പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ നേരില്‍ കണ്ട അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്‌മാന്‍. ഓസ്‌കര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പ് മൈക്കല്‍ ജാക്‌സനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഒരു സുഹൃത്ത് മുഖേന റഹ്‌മാന്‍ അറിയിച്ചിരുന്നു. മെയില്‍ വഴി അപേക്ഷ അയച്ചതിന് ശേഷം ആഴ്ചകള്‍ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല.
ഒരിക്കലും മൈക്കല്‍ ജാക്‌സനെ കാണാന്‍ സാധിക്കില്ലെന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാനത്തിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കവെ റഹ്‌മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മൈക്കല്‍ ജാക്‌സന്റെ മറുപടി വന്നു. പക്ഷേ പുരസ്‌കാര പ്രഖ്യാപന നിശയിലേയ്ക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തില്‍ ആയതിനാല്‍ കൂടിക്കാഴ്ചയ്ക്ക് റഹ്‌മാന്‍ വിസമ്മതിച്ചു.
ഓസ്‌കര്‍ നേടിയാല്‍ താന്‍ ജാക്‌സനെ കാണാന്‍ എത്താമെന്നും അല്ലാത്തപക്ഷം തനിക്ക് അദ്ദേഹത്തെ കാണേണ്ട എന്നും റഹ്‌മാന്‍ പറഞ്ഞു. ഓസ്‌കര്‍ നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മൈക്കല്‍ ജാക്‌സനെ കാണാനെത്തി. രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണത്തിന് ഒടുവില്‍ റഹ്‌മാന്റെ സംഗീതം ഏറെ ഇഷ്ടമാണന്ന് ജാക്‌സന്‍ പറഞ്ഞു.
മൈക്കല്‍ ജാക്‌സന്‍ അദ്ദേഹത്തിന്റെ മാന്ത്രികച്ചുവടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ നിമിഷം താന്‍ തരിച്ചു നിന്നു പോയി എന്നാണ് റഹ്‌മാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
Leave a Reply