വംശീയ വർഗീയ പ്രയോഗങ്ങൾ വഴി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷത്തിെൻറ വൈറസ് പരത്തുന്ന ഇന്ത്യൻ വർഗീയ വാദികൾക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. ഗൾഫ് രാജ്യങ്ങളിൽ വ്യവസായം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ സംഘ് പരിവാർ അനുഭാവികൾ എല്ലാ അതിർവരമ്പുകളും ലംഘിച്ച് ഹീനമായ ഭാഷയിൽ വംശീയ അധിക്ഷേപം നടത്തുന്നത് പതിവായതോടെയാണ് സ്വദേശി പ്രമുഖർ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയത്.
രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്ദമുയർത്തുകയാണിപ്പോൾ.
അറബ് സ്ത്രീകളെക്കുറിച്ച് അറക്കുന്ന ലൈംഗിക അധിക്ഷേപം നടത്തിയ ബംഗളുരു സൗത്തിലെ ബി.ജെ.പി. എം.പി തേജസ്വി സൂര്യയുടെ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട പല സാംസ്കാരിക പ്രവർത്തകരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു.
ഏതാനും വർഷം മുൻപ് തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അവഹേളനവും നിറഞ്ഞ ട്വിറ്റർ പോസ്റ്റ് ഇയാൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. അതിെൻറ സ്ക്രീൻ ഷോട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുവൈത്തിലെ പ്രമുഖ നിയമജ്ഞരും സാംസ്കാരിക പ്രവർത്തകരും നടപടി ആവശ്യപ്പെട്ടത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാൻ അവസരം ലഭിച്ചാൽ പുറപ്പെടാൻ നിൽക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യു.എ.ഇയിൽ നിന്നുള്ള നൂറ അൽ ഗുറൈർ മുന്നറിയിപ്പ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രത്യേക നോമിനി ആയാണ് അഭിഭാഷകൻ കൂടിയായ തേജസ്വി ലോക്സഭാ സ്ഥാനാർഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്.
നിരവധി സംഘ്പരിവാർ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാളി വ്യവസായി സോഹൻ റോയ് വംശീയ വർഗീയ അധിക്ഷേപം വമിക്കുന്ന കവിത പോസ്റ്റു ചെയ്തതും വിവാദമായിട്ടുണ്ട്. തെൻറ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക് ഡിസൈൻ ചെയ്തയാൾക്ക് പറ്റിയ പിഴവാണെന്നുമാണ് റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തിെൻറ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Leave a Reply