വംശീയ വർഗീയ പ്രയോഗങ്ങൾ വഴി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷത്തി​​െൻറ വൈറസ്​ പരത്തുന്ന ഇന്ത്യൻ വർഗീയ വാദികൾക്കെതിരെ അറബ്​ ലോകത്ത്​ പ്രതിഷേധം കൂടുതൽ ശക്​തമാവുന്നു. ഗൾഫ്​ രാജ്യങ്ങളിൽ വ്യവസായം നടത്തുന്നവരും ജോലി ചെയ്യുന്നവരുമായ സംഘ്​ പരിവാർ അനുഭാവികൾ​ എല്ലാ അതിർവരമ്പുകളും ലംഘിച്ച്​ ഹീനമായ ഭാഷയിൽ വംശീയ അധിക്ഷേപം നടത്തുന്നത്​ പതിവായതോടെയാണ്​ സ്വദേശി പ്രമുഖർ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയത്​.

രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്​റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്​ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്​കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്​ദമുയർത്തുകയാണിപ്പോൾ.

അറബ്​ സ്​ത്രീകളെക്കുറിച്ച്​ അറക്കുന്ന ലൈംഗിക അധിക്ഷേപം നടത്തിയ ബംഗളുരു സൗത്തിലെ ബി.ജെ.പി. എം.പി തേജസ്വി സൂര്യയുടെ പോസ്​റ്റുകൾ ശ്രദ്ധയിൽപ്പെട്ട പല സാംസ്​കാരിക പ്രവർത്തകരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ സ​ന്ദേശമയച്ചു.

ഏതാനും വർഷം മുൻപ്​ തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അ​വഹേളനവും നിറഞ്ഞ ട്വിറ്റർ പോസ്​റ്റ്​ ഇയാൾ പിന്നീട്​ ഡിലീറ്റ്​ ചെയ്​തിരുന്നു. അതി​​െൻറ സ്​ക്രീൻ ഷോട്ട്​ ശ്രദ്ധയിൽപ്പെട്ടതോടെയാണ്​ കുവൈത്തിലെ പ്രമുഖ നിയമജ്​ഞരും സാംസ്​കാരിക പ്രവർത്തകരും നടപടി ആവശ്യപ്പെട്ടത്​. ഏതെങ്കിലുമൊരു ഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായി അറബ്​ നാടുകളിലേക്ക്​ വരുവാൻ അവസരം ലഭിച്ചാൽ പുറപ്പെടാൻ നിൽക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ്​ യു.എ.ഇയിൽ നിന്നുള്ള നൂറ അൽ ഗുറൈർ മുന്നറിയിപ്പ്​ നൽകിയത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത്​ ഷായുടെയും പ്രത്യേക നോമിനി ആയാണ്​ ​അഭിഭാഷകൻ കൂടിയായ തേജസ്വി ലോക്​സഭാ സ്​ഥാനാർഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്​.

നിരവധി സംഘ്​പരിവാർ പ്രവർത്തകർക്ക്​​ കോവിഡ്​ പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന്​ ഗൾഫ്​ രാജ്യങ്ങളിൽ നടപടി​ നേരിടേണ്ടി വന്നിട്ടുണ്ട്​.
മലയാളി വ്യവസായി സോഹൻ റോയ്​ വംശീയ വർഗീയ അധിക്ഷേപം വമിക്കുന്ന കവിത പോസ്​റ്റു ചെയ്​തതും വിവാദമായിട്ടുണ്ട്​. ത​​െൻറ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക്​ ഡിസൈൻ ചെയ്​തയാൾക്ക്​ പറ്റിയ പിഴവാണെന്നുമാണ്​ റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തി​​െൻറ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.