ബീജീംഗ്: ലോകത്തെ ഏറ്റവും പഴക്കമുളള തേയില കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. പൗരാണിക ചൈനീസ് ചക്രവര്‍ത്തിയുടെ മൃതദേഹത്തോടൊപ്പം അടക്കം ചെയ്ത വസ്തുക്കളില്‍ നിന്നാണ് ഇത് ലഭിച്ചത്. പൗരാണിക കാലത്തെ ചൈനീസ് രാജകുടുംബാംഗങ്ങള്‍ക്കും ചായ ഏറെ പ്രിയപ്പെട്ട പാനീയമായിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് വിലയിരുത്തല്‍. 2150 കൊല്ലം മുമ്പ് തന്നെ ഇവര്‍ തേയിലയും ചായയും ഉപയോഗിച്ചിരുന്നു. തേയില മൃതദേഹത്തോടൊപ്പം അടക്കം ചെയ്താല്‍ പരലോകത്ത് ചായ ആവശ്യമുളളപ്പോള്‍ ഇതുപയോഗിച്ച് ഉണ്ടാക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
ചൈന ടിബറ്റിലേക്ക് തേയിലച്ചെടിയുടെ ഇലകള്‍ കയറ്റുമതി ചെയ്തിരുന്നതായി രണ്ടായിരം വര്‍ഷം മുമ്പിറങ്ങിയതെന്ന് കരുതുന്ന ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. തേയിലക്ക് പുറമെ അരിയടക്കമുളള ധാന്യങ്ങളും ഈ ചക്രവര്‍ത്തിക്ക് പരലോകത്തേക്ക് കൊണ്ടുപോകാനായി ശവപേടകത്തില്‍ അടക്കം ചെയ്തിരുന്നു. ഹാന്‍ വംശത്തിലെ ചക്രവര്‍ത്തിയായിരുന്ന ജിംഗ് ദിയുടെ ശവകുടീരത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിട്ടുളളത്. 141 ബിസിയിലാണ് ഇദ്ദേഹം മരിച്ചതെന്ന് കരുതുന്നു. അക്കൊല്ലം തന്നെ ഉണ്ടാക്കിയ തേയിലയാകും മൃതദേഹത്തൊടൊപ്പം അടക്കം ചെയ്തതെന്നും അനുമാനിക്കുന്നു. ഒരു തടിപ്പെട്ടിയിലാണ് തേയില സൂക്ഷിച്ചിരിക്കുന്നത്. ചക്രവര്‍ത്തിയുടെ ശവകുടീര സമുച്ചയത്തിന് ചുറ്റിലുമുളള വിവിധ കുഴികളിലായി ഇദ്ദേഹത്തിന് അടുത്ത ജന്മത്തില്‍ ഉപയോഗിക്കാനുളള നിരവധി സാധനങ്ങളും അടക്കം ചെയ്തിട്ടുണ്ട്.

ആയുധങ്ങള്‍, മണ്‍പാത്രങ്ങള്‍, മണ്ണില്‍ തീര്‍ത്ത മൃഗങ്ങള്‍, കുതിരയെ പൂട്ടിയ രഥങ്ങള്‍ തുടങ്ങിയവയണ് ഈ കുഴിമാടങ്ങളില്‍ അടക്കം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്ങ് അതായത് ആധുനിക സിയാങിനടുത്തായാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്. 1990ന് മുമ്പ് തന്നെ ഇവിടെ ഉദ്ഖനനം തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇതിലുണ്ടായിരുന്ന തേയില തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായത്.

ചായ കുടിക്കുന്ന ചൈനീസ് ചക്രവര്‍ത്തിയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇദ്ദേഹം വളരെ മികച്ച ഭരണാധികാരിയല്ലെന്നും സൂചനയുണ്ട്. ജനങ്ങള്‍ക്ക് മികച്ച നിലവാരമുളള ജീവിതം നല്‍കുന്നതിനായി ഇദ്ദേഹം നികുതിയിളവുകള്‍ നല്‍കിയിരുന്നു. കുറ്റവാളികള്‍ക്ക് വലിയ മാനുഷിക പരിഗണന നല്‍കുന്നയാളുമായിരുന്നു ഈ ചക്രവര്‍ത്തി. അതിനായി പലരുടെയും ശിക്ഷകള്‍ കുറച്ച് കൊടുത്തു. രാജകുടുംബത്തിന്റെ അധികാരങ്ങളും ഇദ്ദേഹം കുറേശെയായി കുറച്ച് കൊണ്ടു വന്നു.

അജ്ഞാതമായിരുന്ന ഒരു പുരാതന ചൈനീസ് സംസ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ചായയുടെ ഉത്ഭവത്തെക്കുറിച്ചുളള സൂചനകള്‍ നല്‍കാനും ഇതിന് കഴിയും. ഇലയുടെ മുകുളങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച തേയിലയാണ് ലഭിച്ചിട്ടുളളത്. ഇതിന് നല്ല ഗുണമേന്‍മയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. മികച്ചയിനം ഇലകളാകാം ഈ തേയിലയുടെ നിര്‍മിതിക്ക് ഉപയോഗിച്ചതെന്നും ഗവേഷകര്‍ പറയുന്നു.