ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നു വരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ പഠന സമിതിയിലേക്ക് മാര്‍പാപ്പ നിയമിച്ചു.
പൗരസ്ത്യ സഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്ലൗദിയോ ഗുജറോത്തി, ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്.
ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 118 അംഗങ്ങളാണ് വ്യത്യസ്ത വിഷയങ്ങളെ ആഴത്തില്‍ പഠിച്ച് മാര്‍പാപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സിനഡിന്റെ സമിതികളില്‍ ഉള്ളത്. മാര്‍ ജോസഫ് സ്രാമ്പിക്കലും മുംബൈ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസുമാണ് പഠന സമിതികളില്‍ നിയമതരായിരിക്കുന്ന ഇന്ത്യക്കാര്‍.
സീറോ മലബാര്‍ സഭ ആഗോള സഭയായി മാറി എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആഗോള ലത്തീന്‍ കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിന്റെ നൂതന സാധ്യതകള്‍ പഠിക്കാനുള്ള ഈ സമിതിയിലുള്ള മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിയമനം സീറോ മലബാര്‍ സഭയെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നതും അഭിമാനകരവുമാണെന്ന് സഭാ വൃത്തങ്ങള്‍ പ്രതികരിച്ചു.
Leave a Reply