മോഹൻദാസ്

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ദുരന്തങ്ങളില്‍ തകർന്നു പോയി എന്ന് തോന്നുമ്പോഴും ജീവിതത്തിന്‍റെ സൗന്ദര്യം ഇനിയും ബാക്കിയുണ്ടാവും എന്ന പ്രതീക്ഷ മാഞ്ഞുപോകാതെ നിലനിര്‍ത്താന്‍ കഴിയണം.

തകര്‍ച്ചകളില്‍ തളരാതെ പിടിച്ചു നിൽക്കുകയും ജീവിതത്തെ സധൈര്യം അഭിമുഖീകരിക്കുകയും വേണം.
ഒപ്പം ജീവിതത്തിന്‍റെ ഓരോ നിമിഷവും സ്വപ്രയത്നത്താൽ ദീപ്തമാക്കുകയും വേണം. അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്ന ശക്തമായ സന്ദേശമാണിത്.

കഥയിലെ നായിക ഐറിന്‍ തന്‍റെ മേൽ അശനിപാതം പോലെ വന്നു പതിച്ച രോഗം മൂലം ചുവടുറപ്പിക്കാൻ ചലനശേഷി നഷ്ടപ്പെട്ട പാദങ്ങളുമായി വീൽ ചെയറിൽ അഭയം തേടുകയും അവരുടെ ജീവിതം അപ്രതീക്ഷിത വേദനകളിലൂടെ കടന്നു പോവുകയും ചെയ്യുന്നു.

ടാംഗോ എന്ന നൃത്തരൂപത്തിനായി സ്വജീവിതം സമര്‍പ്പിച്ച ഐറിൻ എന്ന നര്‍ത്തകിയുടെ ജീവിതകഥയാണിത്.

ടാംഗോ എന്ന നൃത്തരൂപം ഒരു പുരുഷനും സ്ത്രീയും ഒറ്റ ശരീരമായി നൃത്തമാവിഷ്കരിക്കുന്ന രീതിയാണ്. ഭര്‍ത്താവായ ജോസഫിനൊപ്പമാണ് ഐറിന്‍ ടാംഗോ ന‍ൃത്തം ചെയ്യുന്നത്.

ജോസഫിനു വേറെ ജോടിയോടൊപ്പം നൃത്തം ചെയ്യേണ്ടി വരും…അതായിരുന്നു ഐറിന്‍റെ മനസ്സിനെ മഥിച്ച ധർമ്മസങ്കടം…

‘’വിരൽത്തുമ്പിൽ വട്ടം ചുറ്റുന്ന…. മണിക്കൂറുകളോളം നൃത്തം വെക്കുന്ന തന്‍റെ പാദങ്ങൾ.. അവയ്ക്ക് ചലന ശേഷി നഷ്ടമാകുന്നത് ചിന്തിക്കാൻ പോലും അവൾക്കാവില്ലായിരുന്നു .’’

ഐറിന്‍റെ പ്രാണന്‍ പുളയുന്ന ആത്മനൊമ്പരങ്ങള്‍ വായനക്കാരുടെ ഉള്ളില്‍ത്തട്ടും വിധം നോവലിസ്റ്റ് വരച്ചുകാട്ടുന്നുണ്ട്-

‘’മേനിയിഴുകുന്ന, കണ്ണുകളിടയുന്ന,നെഞ്ചുകൾ ചേരുന്ന നൃത്തം..
മറ്റൊരുവളുടെ അരയിൽ കൈചുറ്റി……
ജോസഫിന്‍റെ കൂടെ ചുവടുവച്ചാൽ…

ഒരു പെണ്ണിന് പിന്നെ അയാളിലലിയാതെ അയാളോട് ചേർന്നു ഒഴുകാതെ നിവൃത്തി ഇല്ല. അത്രയും വശ്യമായ കണ്ണുകൾ….
അയാളുടെ ശ്വാസത്തിന്‍റെ ചൂടിൽ അവൾ ഉരുകും…
ചലനശേഷി പോയ തന്‍റെ കാലുകളിൽ ജോസഫിന്‍റെ ആഹ്ലാദങ്ങൾ കരിഞ്ഞുണങ്ങും… അയാളുടെ യൗവനം കാംഷിക്കുന്നതൊന്നും നൽകാനാവാതെ വരുമ്പോൾ അയാൾ തന്നെ വെറുക്കും…’’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്നേഹലാളനകൾ നഷ്ടമാവും മുന്നേ അപമാനിക്കപ്പെടും മുന്നേ എവിടേക്കെങ്കിലും ഓടിയകലാൻ ഐറിന്‍ കൊതിച്ചു. ഭര്‍ത്താവായ ജോസഫ് മകന്‍ ഫിലുമായി സ്കൂളില്‍ പോകുന്ന സമയത്താണ് പ്രിയപ്പട്ടവരോട് യാത്രാമൊഴിപോലും പറയാതെ
ഐറിൻ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് യാത്ര പോകുന്നത്.

ഐറിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച തകര്‍ച്ചകളെ അവര്‍ ധീരമായി അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തതിന്‍റെ കഥയാണ് ഡോ. മായാഗോപിനാഥ് അര്‍ദ്ധനാരി എന്ന നോവലിലൂടെ പറയുന്നത്.

ജീവിതത്തിന്‍റെ ആഡംബരങ്ങളില്‍, അഹങ്കാരത്തിന്‍റെ കൊടുമുടികളില്‍ മതിമറന്നുജീവിക്കുന്ന ആധുനികസമൂഹത്തിനുള്ള മുന്നറിയിപ്പുകള്‍ നോവലിസ്റ്റ് നല്‍കുന്നുണ്ട്.

‘’പലപ്പോഴും പല തിരിച്ചറിവുകളും വൈകിയ വേളകളിലാണ് നമ്മെ തേടിയെത്തുന്നത്.
ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് ഇടാനും മുഖത്ത് മേക്കപ്പ് ഇടാനും കണ്ണുകളിൽ മഷി എഴുതാനും എത്രയെത്ര നേരം ചിലവിട്ടു…
കണ്ണുകളുടെ കാഴ്ചയാണ് ഏറ്റവും വലിയ അഴക്…എന്ന് ഒരിക്കലും താൻ തിരിച്ചറിഞ്ഞില്ല. ഇഷ്ടമുള്ളിടത്തൊക്കെ സ്വയം നടന്നെത്താനാവുന്നത് എത്ര വലിയ ഭാഗ്യമാണെന്ന തിരിച്ചറിവുണ്ടാവാൻ ഒരു രോഗിയാവേണ്ടി വന്നു.’’

രോഗം ആരുടെയും കുറ്റമല്ല. എന്ന വലിയ സന്ദേശവും അര്‍ദ്ധനാരിയിലൂടെ നോവലിസ്റ്റ് നല്‍കുന്നുണ്ട്.

പാരായണസുഖമുള്ള നോവല്‍ എന്ന് അനുവാചകര്‍ വിലയിരുത്തിയ ഈ നോവലിന്‍റെ ഭാഷ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അനുവാചകനുമായി നന്നായി സംവദിക്കുന്ന ദീപ്തമായ ഭാഷ ഈ നോവലിന്‍റെ മുഖ്യ സവിശേഷതയാണ്. ഐറിന്‍ എന്ന കഥാപാത്രത്തെ അനുവാചകമനസ്സില്‍ നിന്നും മങ്ങാതെ മായാതെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട്.

തിരുവനന്തപുരം പരിധി പബ്ലീഷേഴ്സാണ് അര്‍ദ്ധനാരിയുടെ പ്രസാധകര്‍. വില: 190 രൂപ

അർദ്ധനാരി – നോവൽ
കോപ്പികൾക്ക് ബന്ധപ്പെടുക :
Mohan# +91 8075213701
email : [email protected]

മോഹൻദാസ് കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.

ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.