രാജു കാഞ്ഞിരങ്ങാട്

ഉടലിനെ
ഉപ്പിലിട്ടിരിക്കുന്നു വെയിൽ
അപ്പാർട്ടുമെൻ്റിലെ
അടച്ചിട്ട വാതിലുകളിൽ
അടവച്ച ചൂടിനെ
ആട്ടിപ്പായ്ക്കുവാൻ കഴിയാതെ
കറങ്ങി വശംകെടുന്നു
എ.സിയും ,ഫാനും

മീനം വരുന്നതേയുള്ളു
ചൂടിൻ്റെ സൂക്ഷ്മത
പട്ടാളക്കാരെപ്പോലെയാണ് !
ഏത് മുക്കിലും മൂലയിലും
അരിച്ചെത്തും

വേനലിൻ്റെ മാസ്മരികസൗന്ദര്യം
എന്നൊക്കെ പറയാറുണ്ടോ?!

എങ്കിൽ,
കത്തിനിൽക്കുന്ന കുന്നും,
ചോർന്നുതീർന്ന ചോലയും
ആലസ്യത്തിൽ അനങ്ങാതെ
ഉറക്കം തൂങ്ങിനിൽക്കുന്നമരങ്ങളും

അതിരാവിലെ ജ്വലിച്ചു നിൽക്കുന്ന
ചുവപ്പൻ കിരണങ്ങളും
വേനൽപൂത്തവാകതൻശിഖരങ്ങളും
ചുവന്ന ചരടുനീർത്തിയ മിഴികളും
വിശപ്പു കത്തും കനലും സൗന്ദര്യ –
മല്ലാതെ മറ്റെന്ത്.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138