സ്വന്തം ലേഖകൻ

ലണ്ടൻ : ജോർജ് ഫ്ലോയിഡിന്റെ മരണത്തോടെ ലോകമെങ്ങും വ്യാപിച്ച പ്രതിഷേധം യുകെയിൽ ശക്തി പ്രാപിക്കുന്നു. മന്ത്രിമാരിൽ നിന്നും പോലീസ് മേധാവികളിൽ നിന്നുമുള്ള നിർദേശങ്ങൾ ലംഘിച്ച് ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രക്ഷോഭകർ ഇന്നലെ യുകെയിലുടനീളം ഒത്തുകൂടി. പാർലമെന്റ് സ്‌ക്വയറിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വർണ്ണവെറിയുടെ ഇരകളായ ബെല്ലി മുജിംഗ, മാർക്ക് ഡഗഗൻ, ഡെറക് ബെന്നറ്റ് തുടങ്ങിയ കറുത്തവർഗക്കാരെ അനുസ്മരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആയി വംശീയത പടർന്നുകിടക്കുന്നുവെന്ന് 29 കാരനായ ഇമ്രാൻ അയ്ടൺ പ്രകടനത്തിനിടയിൽ മെഗാഫോണിലൂടെ പറഞ്ഞു. നിയമനം, തൊഴിൽ, രാഷ്ട്രീയം, ഇമിഗ്രേഷൻ, ക്രിമിനൽ, നീതിന്യായ വ്യവസ്ഥ എന്നിവയിൽ വേരൂന്നിയതാണ് വംശീയത എന്നും ഇന്ന് ഇതിനൊരു അവസാനം ഉണ്ടാകുകയാണെന്നും ഇമ്രാൻ കാണികളോട് പറഞ്ഞു. പ്രതിഷേധക്കാർ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാർച്ച്‌ നടത്തുകയും മറ്റുചിലർ വെസ്റ്റ്മിൻസ്റ്ററിൽ തുടരുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് -19 നെക്കാൾ വലിയ ഒരു വൈറസ് ഉണ്ട്; അതാണ് വംശീയതയെന്ന് പ്രക്ഷോഭകർ വിളിച്ചുപറഞ്ഞു. ഇത് അമേരിക്കയിലെ മാത്രം പ്രശ്നമല്ല. മറിച്ച് ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിപത്താണെന്ന് ഒരാൾ പറയുകയുണ്ടായി. കറുത്ത ജനതയെ ലക്ഷ്യമിടുന്ന പോലീസ് നടപടിയ്‌ക്കെതിരെയും പ്രവർത്തകർ ശബ്ദമുയർത്തി. പോലീസ് ഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിൽ ഈ ആഴ്ച നടന്ന നിരവധി ഏറ്റുമുട്ടലുകളെത്തുടർന്ന് ഇന്നലെ ലണ്ടനിൽ പോലീസ് സേന അണിനിരന്നിരുന്നു. മാഞ്ചസ്റ്റർ, ഷെഫീൽഡ്, ഗ്ലാസ്ഗോ, കാർഡിഫ്, ലീസസ്റ്റർ തുടങ്ങി യുകെയിലെ മറ്റ് നഗരങ്ങളിലും നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 1.45 ന് പ്രതിഷേധക്കാർ നിശബ്ദരാവുകയും ഫ്ലോയിഡിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിലത്ത് മുട്ടുകുത്തുകയും ചെയ്തു. ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ബോക്സർ ആന്റണി ജോഷ്വ, ജന്മനാടായ വാട്ട്ഫോർഡിൽ നടന്ന പ്രതിഷേധത്തിൽ പങ്കുചേർന്നു. ഒത്തുചേരലുകളുടെയും ബഹുജന സമ്മേളനങ്ങളുടെയും കാര്യത്തിൽ നിയന്ത്രണങ്ങൾ വളരെ ശക്തമാണെന്നും ഈ പ്രത്യേക സമയത്ത് പൊതുജനാരോഗ്യത്തിന് ഒന്നാം സ്ഥാനം നൽകണമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഇന്നലെ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരോട് അതിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ മാസ്കുകളും കയ്യുറയും ധരിച്ച് ആയിരങ്ങൾ പ്രതിഷേധപ്രകടനങ്ങളിൽ ഒത്തുചേരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുവരുന്നത്‌.