ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ എടിഎം വഴിയുള്ള പണം തട്ടിപ്പുകൾ കൂടുന്നതായി റിപ്പോർട്ടുകൾ . എടിഎം വഴി പണം പിൻവലിക്കാൻ ശ്രമിച്ച് നിമിഷങ്ങൾക്കകം തങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയായതായി ഒട്ടേറെ ഉപഭോക്താക്കൾ പരാതിപ്പെട്ടു. കാർഡ് ഷിമ്മിങ്ങ് അഥവാ കാർഡ് ട്രാപ്പിംഗ് എന്ന് അറിയപ്പെടുന്ന ഈ കുറ്റകൃത്യം യുകെയിൽ കൂടുന്നതിന്റെ സൂചനയാണ് ഇതെന്ന് സൈബർ ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു.

എടിഎം മെഷീനിൽ കാർഡ് ഉടമകളുടെ ഡേറ്റാ മോഷ്ടിക്കാനായി ഉപകരണം സ്ഥാപിക്കുകയും അത് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയുമാണ് കുറ്റവാളികൾ ചെയ്യുന്നത്. നാഷണൽ ഫ്രോഡ് ഹണ്ടർ പ്രിവൻഷൻ സർവീസ് കണക്കുകൾ പ്രകാരം ബ്രിട്ടനിൽ കാർഡുകൾ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് 42 ശതമാനമാണ് വർദ്ധിച്ചത്. 2017 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ കടുത്ത ജാഗ്രതപാലിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.

തട്ടിപ്പുകാരിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിന് ബാങ്കുകൾ കൂടുതൽ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എടിഎം കാർഡുകൾ ഉപയോഗിക്കാതെ തന്നെ പണം പിൻവലിക്കുന്നതിനുള്ള നടപടി പല ബാങ്കുകളും ആരംഭിച്ചുകഴിഞ്ഞു.

എപ്പോഴും സിസിടിവി നിരീക്ഷണമുള്ള എടിഎം ഉപയോഗിക്കാൻ ശ്രദ്ധിക്കുക , സാധ്യമെങ്കിൽ അർദ്ധരാത്രിക്ക് ശേഷം എടിഎം ഉപയോഗിക്കുന്നത് ഒഴിവാക്കുക , നിങ്ങൾ അപരിചിതമായ സ്ഥലത്താണെങ്കിൽ പണം പിൻവലിക്കലിന് സുരക്ഷിതത്വമില്ലായ്മ തോന്നുകയാണെങ്കിൽ മറ്റു ബദൽ മാർഗങ്ങൾ ഉപയോഗിക്കുക എന്നിവയാണ് സുരക്ഷിതമായി എടിഎം ഉപയോഗിക്കുന്നതിന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ.