ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയശേഷം ഒരു തവണപോലും കളത്തിലിറങ്ങാൻ അവസരം നൽകാതെ മലയാളി താരം സഞ്ജു സാംസണെ തൊട്ടടുത്ത പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായി പ്രമുഖരും. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ തുടങ്ങിയവരാണ് സഞ്ജുവിനെ പിന്തുണച്ചു രംഗത്തെത്തിയത്. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്ന് ശശി തരൂർ എംപി ചോദിച്ചു.
ബംഗ്ലദേശിനെതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ തരൂരും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും ഉള്‍പ്പെടെയുള്ളവർ ആഹ്ലാദം അറിയിച്ചിരുന്നു. എന്നാൽ, പരമ്പരയിലെ മൂന്നു മത്സരങ്ങളിലും താരം പുറത്തിരുന്നു. തുടർച്ചയായി പരാജയപ്പെട്ടിട്ടും യുവതാരം ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നൽകുകയും ചെയ്തു.
സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനെ വിമർശിക്കുന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്ത് ശശി തരൂർ എംപി കുറിച്ചതിങ്ങനെ:
‘ഒരു തവണപോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ കടുത്ത നിരാശ തോന്നുന്നു. മൂന്നു ട്വന്റി20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. പിന്നാലെ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്തോ?’
സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെയും അദ്ഭുതം രേഖപ്പെടുത്തി.
‘സഞ്ജുവിനെ സംബന്ധിച്ച് കഠിനമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും അദ്ദേഹത്തിനു നല്ലതെന്ന് തോന്നുന്നു. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സിലക്ടർമാർ കടുത്ത വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.’ – ഭോഗ്ലെ ട്വീറ്റ് ചെയ്തു.
പ്രശസ്ത സംഘാടകനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ ടീം ഡയറക്ടറുമായ ജോയ് ഭട്ടാചാര്യയും സഞ്ജുവിനെ തഴഞ്ഞതിനെ രൂക്ഷമായി വിമർശിച്ചു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമില്ല. ഒരിക്കൽപ്പോലും അവസരം നൽകാതെ എങ്ങനെയാണ് ഒരു താരത്തെ തഴയുക? ഒരു ക്രിക്കറ്റ് താരത്തിന്റെ ആത്മവിശ്വാസത്തെ അത് എപ്രകാരം ബാധിക്കുമെന്നാണ് നിങ്ങൾ (സിലക്ടർമാർ) കരുതുന്നത്?’ – ഭട്ടാചാര്യ എഴുതി.
Very disappointed to see @IamSanjuSamson dropped without a chance. He carried the drinks for three T20Is & has been promptly discarded. Are they testing his batting or his heart? https://t.co/ydXgwOylBi
— Shashi Tharoor (@ShashiTharoor) November 21, 2019
Hard on Sanju Samson but I guess he is much better off playing games rather than just travelling around. Big vote of confidence in Rishabh Pant but the team will expect more from him.
— Harsha Bhogle (@bhogleharsha) November 21, 2019
Sanju Samson not in the squad against the West Indies. How do you drop a player without giving him a single chance? And what do you think it’s doing to the confidence of the cricketer?
— Joy Bhattacharjya (@joybhattacharj) November 21, 2019
Leave a Reply