ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആഘോഷങ്ങളും പാർട്ടികളും അവസാനിച്ചു.. 2023 വിട പറഞ്ഞിരിക്കുകയാണ്. പുതിയ ഊർജ്ജസ്വലതയോടെയും ആവേശത്തോടെയും 2024 നെ ഓരോരുത്തരും സ്വാഗതം ചെയ്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പലർക്കും പുതുവർഷത്തിന്റെ വരവ് അർത്ഥമാക്കുന്നത് ഡ്രൈ ജനുവരി എന്ന ആശയത്തോടൊപ്പമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു മാസത്തേക്ക് മദ്യം പൂർണ്ണമായും ഒഴിവാക്കുന്ന ചലഞ്ച് ആണ് ഡ്രൈ ജനുവരി എന്നത്. ഈ പൊതുജനാരോഗ്യ സംരംഭം, 2013 -ൽ യുകെ ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ ആൽക്കഹോൾ ചേഞ്ച് യുകെയാണ് ആരംഭിച്ചത്.

ജനുവരിയിൽ കൂടുതൽ ആളുകൾ മദ്യപാനം ഒഴിവാക്കിയാൽ, കൂടുതൽ പേർക്ക് തങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഒരു വട്ടം ചിന്തിക്കാനുള്ള അവസരം ഇത് ഉണ്ടാക്കുമെന്ന ആശയമാണ് ഈ ചലഞ്ചിന് പിന്നിൽ. ആൽക്കഹോൾ ചേഞ്ച് യുകെയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഇത് എമിലി റോബിൻസൺ എന്ന ബ്രിട്ടീഷ് വനിതയുടെ ആശയമാണ്. 2011 ഫെബ്രുവരിയിൽ ഒരു ഹാഫ് മാരത്തണിനായി തയ്യാറെടുത്തിരുന്ന അവൾ, ജനുവരിയിൽ ഒരു മാസത്തേക്ക് എല്ലാ മദ്യപാനവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. ആരോഗ്യം തോന്നുന്നതിനു പുറമേ, ഈ ആശയം അവളുടെ സുഹൃത്തുക്കളെ ആകർഷിച്ചതായും അവൾ കണ്ടെത്തി. അവൾ ചാരിറ്റി ആൽക്കഹോൾ ചേഞ്ച് യുകെയിൽ ചേർന്നപ്പോൾ, എല്ലാവർക്കും പരിശീലിക്കാനുള്ള ഒരു ആശയമായി ഇത് പിന്നീട് നൽകുകയായിരുന്നു.

എന്നാൽ ഈ ചലഞ്ചിൽ പങ്കെടുക്കുമ്പോൾ ആളുകൾ വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിന് ആവശ്യമായ ജലാംശം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. മദ്യപാനം കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, അതിനുവേണ്ടി കഠിനമായി പ്രയത്നിക്കരുതെന്ന് വിദഗ്ധർ ഓർമിപ്പിക്കുന്നു. മദ്യപാനം നിയന്ത്രിക്കുന്നത് ശരീരത്തിന് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമയമായി ജനങ്ങൾ കാണണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.