ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഹെയ്തിയെ നേരിട്ട അര്‍ജന്റീനയ്ക്ക് എതിരില്ലാത്ത നാല് ഗോളിന്റെ ജയം. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയാണ് അര്‍ജന്റീനയെ ക്യാപ്റ്റന്‍ കൂടിയായ മെസ്സി ജയത്തിലേക്ക് നയിച്ചത്. ഇതോടെ, വമ്പന്‍ മാര്‍ജിനിലുള്ള ജയം അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിന് അര്‍ജന്റീനയ്ക്ക് വലിയ ആത്മവിശ്വാസമേകും.
മത്സരത്തിന്റെ 17ാം മിനുട്ടില്‍ മെസ്സിയാണ് അര്‍ജന്റീനയുടെ ഗോള്‍വേട്ട ആരംഭിച്ചത്. ആദ്യ പകുതി പിന്നിട്ടതിന് ശേഷം ആക്രമണം ശക്തിയാക്കിയ അര്‍ജന്റീന് 57ാം മിനുട്ടില്‍ വീണ്ടും മെസ്സിയിലൂടെ ലീഡ് ഇരട്ടിയാക്കി. 65ാം മിനുട്ടിലാണ് മെസ്സിയുടെ ഹാട്രിക്ക് ഗോള്‍ പിറന്നത്. സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ, ഹാവി മസ്‌ക്കരാനോ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയാണ് താരതമ്യേന ദുര്‍ബലരായ ഹെയ്തിക്കെതിരേ പരിശീലകന്‍ സാംപോളി ടീമിനെ ഇറക്കിയത്. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച് എതിര്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു.
അരഡസനിലധികം ഗോളുകള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഹെയ്തിയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. ലോകറാങ്കിങ്ങില്‍ 108ാം സ്ഥാനത്തുള്ള ഒരു ടീമിനോട് എതിരില്ലാത്ത നാല് ഗോളുകളുടെ ജയം അര്‍ജന്റീന പരിശീലകന് അത്ര തൃപ്തി പകരുന്നതല്ല. അതേസമയം, റിസള്‍ട്ടിനേക്കാള്‍ തങ്ങളുടെ നാട്ടുകാര്‍ക്ക് മുന്നില്‍ ജയിച്ച് റഷ്യയിലേക്ക് യാത്ര തിരിക്കാം എന്നതാണ് ആശ്വാസമായതെന്നാണ് മെസ്സിയുടെ പ്രതികരണം.
പരിക്കില്‍ നിന്നും മോചിതനായി അഗ്യൂറോ ടീമിലെത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്നത്തെ മത്സരത്തോടെ അര്‍ജന്റീന നാട്ടിലുള്ള പരിശീലനം മതിയാക്കി സ്‌പെയിനിലേക്ക് തിരിക്കും. ബാഴ്‌സലോണയില്‍ വെച്ചാണ് ലോകകപ്പിനുള്ള അവസാന ഘട്ട പരിശീലനം. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. ജൂണ്‍ 21ന് ക്രൊയേഷ്യയുമായും 26ന് നൈജീരിയയുമായും ആരാധകരുടെ പ്രിയപ്പെട്ട ടീം ഏറ്റുമുട്ടും.
Leave a Reply