ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്യൂണസ് അയേഴ്സ് : ശമ്പളം ക്രിപ്റ്റോകറൻസിയിൽ സ്വീകരിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്ന ബിൽ മുന്നോട്ട് കൊണ്ടുവന്ന് അർജന്റീന. തൊഴിലാളികൾക്ക് ബിറ്റ് കോയിനിൽ ശമ്പളം ലഭിക്കാൻ അനുവദിക്കുന്ന ബിൽ അവതരിപ്പിച്ചതായി മെൻഡോസ പ്രവിശ്യയിലെ അർജന്റീനയുടെ ദേശീയ ഡെപ്യൂട്ടി ജോസ് ലൂയിസ് റാമൻ. തൊഴിലാളികൾക്ക് അവരുടെ ശമ്പളം പൂർണ്ണമായോ ഭാഗികമായോ ക്രിപ്റ്റോകറൻസികളിൽ ലഭിക്കുന്നതിനായി താൻ ഒരു ബിൽ അവതരിപ്പിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വയമേ ശക്തിപ്പെടാനും പ്രതിഫലം സംരക്ഷിക്കാനും തൊഴിലാളികളെ ഇത് പ്രാപ്തരാക്കുമെന്ന് റാമൻ കൂട്ടിച്ചേർത്തു. ഉപയോക്താകൾക്ക് നൽകുന്ന ഗുണങ്ങൾ കാരണം ക്രിപ്‌റ്റോകറൻസികൾ വളരെക്കാലമായി ഉപയോഗിച്ചുവരുന്നുവെന്ന് അർജന്റീനിയൻ നിയമനിർമ്മാതാവ് പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നോളജ് ഇക്കണോമി ഫോറത്തിൽ പങ്കെടുത്തതിൽ നിന്നാണ് ഈ പ്രോജക്റ്റിന്റെ പിറവിയെന്ന് ഡെപ്യൂട്ടി അഭിപ്രായപ്പെട്ടു. അർജന്റീനയിൽ ക്രിപ്‌റ്റോകറൻസിയുടെ വളർച്ച ദിനംപ്രതി വർധിച്ചുവരികയാണ്. അർജന്റീനക്കാർക്ക് ബിറ്റ് കോയിൻ, ഈതർ, സ്റ്റേബിൾകോയിനുകൾ എന്നിവയിൽ കൂടുതൽ താൽപ്പര്യമുണ്ടെന്ന് മെയ്‌ മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ പ്ലാറ്റ് ഫോമുകൾ സ്വീകരിക്കുന്നതിനെ കോവിഡ് ത്വരിതപ്പെടുത്തുകയുണ്ടായി. “ഇന്ന് അർജന്റീനയിൽ ഞങ്ങൾക്ക് 10 ലക്ഷം ഉപയോക്താക്കളുണ്ട്. 2020 ന്റെ തുടക്കത്തിൽ ഞങ്ങൾക്ക് 4 ലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഇത് മാസം തോറും വളരുന്ന ഒരു കണക്കാണ്.” റിപ്പിയോ ഡയറക്ടർ ജുവാൻ ജോസ് മാൻഡെസ് വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം അർജന്റീനയിൽ നടത്തിയ സർവേയിൽ പങ്കെടുത്തത്തിൽ 73.4% പേരുടെയും അഭിപ്രായം ഇതായിരുന്നു. “നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം പണം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ക്രിപ്‌റ്റോകറൻസികൾ ആണ്.” ക്രിപ്‌റ്റോകറൻസികൾ വളരുകയാണെന്നും അത് ലോക രാജ്യങ്ങളിൽ എല്ലാം തന്നെ സ്വീകാര്യത നേടുകയാണെന്നതിനുമുള്ള തെളിവാണ് ഈ ബിൽ.