ആലപ്പുഴ: സിപിഎമ്മിന് ആശ്വാസ വിജയം നൽകി മാനം കാത്തിരിക്കുകയാണ് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ്. സംസ്ഥാനത്തെ ഇരുപതിൽ പത്തൊൻപത് മണ്ഡലങ്ങളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്റെ സിറ്റിംഗ് മണ്ഡലമായ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ കടുത്ത മത്സരത്തിലൂടെ പരാജയപ്പെടുത്തിയാണ് എഎം ആരിഫ് വിജയക്കൊടി പാറിച്ചത്. കേരളത്തിൽ ഇടതുപക്ഷം അപ്പാടെ തകർന്നടിഞ്ഞപ്പോഴും വിപ്ലവഭൂമി തിരികെപ്പിടിച്ച ആരിഫിന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് അണികളും നേതാക്കളും തോൽവിക്കിടയിലും ആശ്വാസം കണ്ടെത്തുന്നുണ്ട്.
കോൺഗ്രസ് പാർട്ടിക്ക് നിർണ്ണായകമായ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയം മുതലേ നേതൃത്വം വിജയം ലക്‌ഷ്യം വച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം വളരെ കരുതലോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിലും ആരിഫിനെതിരെ ശക്തമായ പ്രചരണം കോൺഗ്രസ് നടത്തിയിരുന്നു. ഇതിനെയല്ലാം അതിജീവിച്ചാണ് ആരിഫ് ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടി പാറിച്ചത്. ഒളിഞ്ഞും തെളിഞ്ഞും രഹസ്യമായും പരസ്യമായും ആരിഫിനെതിരെ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇവയെല്ലാം മറികടന്നാണ് ആരിഫിന്റെ വിജയം എന്നതാണ് ശ്രദ്ധേയം.
ആലപ്പുഴയിൽ വിജയിക്കാൻ എൽഡിഎഫിന് നിർണായകമായത് എസ്എൻഡിപി വോട്ടുകൾ തന്നെയാണ്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ആലപ്പുഴയിൽ വലിയ സ്വാധീനമുണ്ടാക്കി. ബിജെപിക്കും കോൺഗ്രസിനുമെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ ഏറ്റുപിടിച്ചതാണ് വോട്ടുകൾ ചോരാതെ ആരിഫിന് തന്നെ വന്നുചേർന്നു എന്നത് എൽഡിഎഫിനെ വലിയൊരപകടത്തിൽ നിന്നുമാണ് രക്ഷിച്ചത്. എന്തായാലും മുന്നണിയിലെ ഏക ജേതാവായ ആരിഫിന് പാർട്ടിയിൽ ഇനി മികച്ച സ്ഥാനമായിരിക്കും ലഭിക്കുക എന്നുറപ്പാണ്. ഇതിനൊപ്പം തന്നെ എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇനി ഇടതുപക്ഷത്തെ പ്രധാന ഘടകമായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.
Leave a Reply