ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയെയും മറികടന്ന് മറ്റൊരു ഇന്ത്യന്‍ വംശജ കോടീശ്വരി ഹുറൂണ്‍ ഇന്ത്യയുടെ 2025ലെ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ചു. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാളാണ് 5.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 51,265 കോടി രൂപ) ആസ്തിയോടെ പട്ടികയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വേഗത്തിലുള്ള വളര്‍ച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് ഉയര്‍ന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സില്‍ ഏകദേശം മൂന്ന് ശതമാനം ഓഹരി പങ്കാളിത്തവും വിപണിയിലെ കമ്പനിയുടെ ശക്തമായ പ്രകടനവുമാണ് ഈ നേട്ടത്തിന് പിന്നില്‍. ഹുറൂണ്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ എക്‌സിക്യൂട്ടീവുകളില്‍ ഒന്നാം സ്ഥാനത്താണ് ജയശ്രീ ഉള്ളാള്‍. ദീര്‍ഘകാല ആസ്തി വര്‍ധനവ് പരിഗണിച്ചാണ് ഈ റാങ്കിങ്. അടുത്ത കാലങ്ങളിലൊക്കെയും ഉപഭോക്തൃ കേന്ദ്രീകൃത ടെക് ഭീമന്മാരുടെ സിഇഒമാരായിരുന്നു പട്ടികയില്‍ മുന്നിലെത്തിയിരുന്നത്.
ബ്രിട്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ 63 വയസ്സുള്ള ജയശ്രീ ഉള്ളാള്‍ ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലാണ് താമസം. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ ആസ്ഥാനം അവിടെയാണ്. ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവർ സാന്‍ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും സാന്താ ക്ലാര സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ് ആന്‍ഡ് മാനേജുമെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും നേടി. സിസ്‌കോ സിസ്റ്റംസിലും എഎംഡി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് 2008 ല്‍ അരിസ്റ്റ സിഇഒ സ്ഥാനത്തെത്തിയത്. 17 വര്‍ഷമായി കമ്പനിയെ നയിക്കുന്ന ഉള്ളാളിന് 2025 ല്‍ ഓണററി ഡോക്ടറേറ്റും ലഭിച്ചു.











Leave a Reply