വാഹനാപകടത്തില്‍ മരിച്ച റമീസ് ഉപയോഗിച്ചത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ബൈക്ക്. വ്യാഴാഴ്ചയാണ് റമീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.

കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ റമീസ് അപകടത്തില്‍പ്പെട്ടത് ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റമീസിന്റെ വാഹനമിടിച്ചത് അര്‍ജുന്റെ തന്നെ കൂട്ടാളികളുടെ കാറുമായിട്ടാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാര്‍ തളാപ്പ് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ളതാണ്.

അശ്വിനും കുടുംബവുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. തനിക്ക് റമീസിനേയോ അര്‍ജുനേയോ പരിചയമില്ലെന്ന് അശ്വിന്‍ പറഞ്ഞു. രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

മാത്രമല്ല കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഹാജരാകാന്‍ കസ്റ്റംസ് റമീസിന് വ്യാഴാഴ്ച രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു.

രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയുടെ കാറില്‍ റമീസുമുണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.