മുംബൈ∙ കാത്തിരിപ്പിനു വിരാമമിട്ട് വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. നീണ്ട ദിവസത്തെ ചർച്ചകൾക്കൊടുവിൽ രഞ്ജി ട്രോഫി ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി മാത്രമേ ഇന്ത്യയിലെ പ്രാദേശിക മത്സര വിഭാഗത്തിൽ ഉണ്ടാകൂ എന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മുംബൈ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
തനതായ ബാറ്റിങ് ശൈലികൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ച ശ്രേയസ് അയ്യരാകും വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനെ നയിക്കുക. മോശം ഫോം കാരണം അടുത്തിടെ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ നിന്നു പുറത്താക്കപ്പെട്ടെങ്കിലും പൃഥ്വി ഷായാണ് ഉപനായകൻ. വിജയ് ഹസാരെയുമായി ബന്ധപ്പെട്ട മുംബൈ ടീമിന്റെ ചർച്ചകളിൽ നിറഞ്ഞുനിന്ന പേരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിന്റേത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് അർജുൻ 22 അംഗ ടീമിൽ ഇടം പിടിച്ചില്ല.
പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അർജുന് വിനയായത്.ഇടംകയ്യൻ പേസ് ബോളറായ അർജുൻ, പരിശീലന മത്സരത്തിൽ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്ത്താനും അർജുന് സാധിച്ചില്ല. ഇതോടെയാണ് ടീമിൽ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്.
വിജയ് ഹസാരെയ്ക്കു മുന്നോടിയായുള്ള സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ചു മത്സരങ്ങൾ കളിച്ചതിൽ ഒന്നിൽ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. സെലക്ഷന് മുന്നോടിയായി 100 പേരുടെ ഒരു ക്യാംപ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നാണ് 22 അംഗ ടീമിനെ തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ സ്പിന്നർ രമേശ് പവാറാണ് മുഖ്യ പരിശീലകൻ.
ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക. സുര്യകുമാർ യാദവ്, യശ്വസി ജയ്സ്‌വാൾ, ശിവം ദുബെ, തുഷാർ ദേശ്പാണ്ഡേ എന്നിവരും ടീമിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു.
Leave a Reply