78കാരനായ പെന്‍ഷനറുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മോഷ്ടാവ് കുത്തേറ്റ് മരിച്ചു. ഹെന്റി വിന്‍സന്റ് എന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടിരുന്ന കുറ്റവാളിയാണ് കുത്തേറ്റ് മരിച്ചത്. റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്ക്‌സ് എന്ന പെന്‍ഷറുടെ വീട്ടിലാണ് വിന്‍സെന്റും കൂട്ടാളിയും മോഷണത്തിന് കയറിയത്. ബ്രൂക്ക്‌സുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിന്‍സെന്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പെന്‍ഷനര്‍മാരില്‍ നിന്ന് 4,48,180 പൗണ്ട് തട്ടിയ സംഭവത്തില്‍ ഇയാളുടെ കുടുംബത്തെ 2003ല്‍ ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ പിതാവും അഞ്ച് ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സൗത്ത് ലണ്ടനിലെ കെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരെ ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രായമായവരെ സമീപിക്കുന്ന ഇവര്‍ വന്‍തുകയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇവരെ പണം വാങ്ങുന്നതിനായി തട്ടിപ്പു സംഘം ബാങ്കുകളിലേക്ക് അനുഗമിക്കുകയും ചെയ്തിരുന്നു.
വിന്‍സെന്റിനെ നാലര വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. പിതാവായ ഡേവിഡ് വിന്‍സെന്റിന് 6 വര്‍ഷത്തെ തടവും ലഭിച്ചിരുന്നു. വിന്‍സെന്റിന്റെ മരണം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിന്‍സെന്റിന്റെ ബന്ധുക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രൂക്ക്‌സിന് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയും ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply