ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : നിരവധിയാളുകളെ ആകർഷിക്കാനായി ബ്രിട്ടീഷ് സൈന്യം പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നു. ‘നഥിംഗ് കാൻ ഡു വാട്ട് എ സോൾജിയർ കാൻ’ എന്ന കാമ്പെയ്‌ൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യമാണിത്. യുദ്ധത്താൽ തകർന്നടിഞ്ഞ പ്രദേശം ഒരു റോബോട്ട് പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ, ഒരു സൈനികൻ ചെയ്യുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് വീഡിയോയുടെ അവസാനത്തിൽ പറയുന്നു. ബ്രിട്ടീഷ് സൈന്യം പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നതായും വീഡിയോയിൽ പറയുന്നുണ്ട്.
സാങ്കേതികവിദ്യ പ്രാധാന്യമുള്ളതാണെങ്കിലും, ഒരു സംഘർഷമേഖലയിൽ സൈനികർക്ക് മാത്രമേ സഹജമായ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്ന് വീഡിയോയിൽ കാണിക്കുന്നു. ഈ പരസ്യം സിനിമ തിയേറ്ററിലും ടെലിവിഷനിലും ഓൺലൈനിലും പ്രദർശിപ്പിക്കും. റിക്രൂട്ട്‌മെന്റ് ഭീമനായ ക്യാപിറ്റയും ബ്രിട്ടീഷ് ആർമിയും ചേർന്ന് വികസിപ്പിച്ചെടുത്ത “ദിസ് ഈസ് ബിലോംഗിംഗ്” പരമ്പരയിലെ ആറാമത്തേതാണ് ഈ കാമ്പെയ്‌ൻ. ഒരു സൈനികന് ചെയ്യാൻ കഴിയുന്നതുപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണെന്ന് റിക്രൂട്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ നിക്ക് മക്കെൻസി പറഞ്ഞു.
“ഞങ്ങൾ എന്ത് സാങ്കേതിക മുന്നേറ്റം നടത്തിയാലും, നമ്മുടെ സൈനികരുടെ ബുദ്ധിയും ശക്തിയും സൈന്യത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഭാവിയിൽ റിക്രൂട്ട് ചെയ്യുന്നവരോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” മക്കെൻസി കൂട്ടിച്ചേർത്തു. കൂടുതൽ പേരെ സൈന്യത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Leave a Reply