എന്നേ മരിച്ച ഞാൻ….! : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

എന്നേ മരിച്ച ഞാൻ….! : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത
October 06 01:45 2019 Print This Article

രാജു കാഞ്ഞിരങ്ങാട്

എന്നേ മരിച്ച ഞാൻ….!

അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും –
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം –
കണ്ടു.

ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ

കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി –
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ

വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ

എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138
Email – rajukanhirangad@gmail.com

ചിത്രീകരണം : അനുജ കെവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles