ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് ചാനലില്‍ പരാതി പറഞ്ഞതിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയമാത്യുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച ബന്ധുക്കള്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപെട്ടു. ഇതിനു ശേഷമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.ബന്ധുക്കള്‍ റീപോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം കൊണ്ടുപോകും വഴി അനുമതിയില്ലെന്ന കാരണം പറഞ്ഞ് സൈന്യം തടഞ്ഞു. ജവാന്റെ മൃതദേഹത്തോട് സൈന്യം അനാദരവ് കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് ജില്ലാകളക്ടര്‍ ഉത്തരവിട്ടിരുന്നത്.
ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ റോയ്മാത്യു പരാതി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ മറച്ചുവെക്കുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞതെന്നാണ് റോയ്മാത്യൂ വീട്ടുകാരോട് ഫോണില്‍ പറഞ്ഞത്. എന്നാല്‍ രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തു ഇതേ തുടര്‍ന്ന് തന്റെ ജോലി നഷ്ടപെടാന്‍ സാധ്യതയുണ്ടെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു. ആകെ ഭയപെട്ടാണ് റോയ് സംസാരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.
കുറച്ചുദിവസമായി മാനസിക സമ്മര്‍ദ്ദംനുഭവിച്ചിരുന്ന റോയ്മാത്യൂ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരസേനയുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ അന്വേഷണം ആവശ്യപെട്ടു.