ലണ്ടന്‍: 1995ല്‍ ഡീപ്പ്കട്ട് ബാരക്കില്‍ തലയില്‍ വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ആര്‍മി റിക്രൂട്ട് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. മേലുദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. കൊല്ലപ്പെടുന്നതിനു തലേ രാത്രിയില്‍ മേലുദ്യോഗസ്ഥന്‍ ഇവരെ ബലാല്‍സംഗം ചെയ്തിരിക്കാനാണ് സാധ്യതയെന്നാണ് വെളിപ്പെടുത്തല്‍. പ്രൈവറ്റ് ഷെറില്‍ ജെയിംസ് എന്ന സൈനികയെ ആണ് ഡീപ്പ്കട്ട് സൈനിക ബാരക്കില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 1995 നവംബറിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1995നും 2002നുമിടയില്‍ സൈനിക ബാരക്കുകളില്‍ വെടിയേറ്റു മരിച്ച നാല് യുവതികളില്‍ ഒരാളാണ് പതിനെട്ടുകാരിയായ ഷെറില്‍
ഇവരുടെ മരണത്തിന് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രധാന സാക്ഷികളെ വിസ്തരിക്കുകയോ വൈദ്യ രേഖകള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ 2014ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഷെറിലിന്റെ ശരീരത്തിലുണ്ടായിരുന്ന വെടിയുണ്ടയും വസ്ത്രങ്ങളും തോക്കും ഒന്നും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ലെന്ന് ഇവരുടെ വീട്ടുകാര്‍ ആരോപിക്കുന്നു. പുതിയ ഇന്‍ക്വസ്റ്റിലുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് ചെറിലിന്റെ കുടുംബ വക്കീല്‍ അറിയിച്ചു. പുതിയ തെളിവുകള്‍ അനുസരിച്ച് ഇവര്‍ മരിക്കുന്നതിന്റെ തലേദിവസം രാത്രിയിലോ തൊട്ട് മുമ്പോ ലൈംഗിക പീഡനത്തിന് വിധേയയിട്ടുണ്ട്. അതേസമയം സാക്ഷികള്‍ ഇക്കാര്യം നേരിട്ട് ആരോപിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതൊരു പുതിയ തെളിവല്ലെന്നും നേരത്തെ തന്നെ ഈ തെളിവ് കിട്ടിയിട്ടുണ്ടെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഷെറില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന കാര്യം അന്വേഷണ പരിധിയില്‍ വരുന്നത് തന്നെയാണെന്നും അധികൃതര്‍ പറയുന്നു. ഏതായാലും ഷെറില്‍ മരിക്കുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിക്കും. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷെറിലിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ലിബര്‍ട്ടി ലീഗല്‍ ഓഫീസര്‍ എമ്മ നോര്‍ട്ടന്‍ വ്യക്തമാക്കി. ഇതേ കാലയളവില്‍ ഡീപ്കട്ടിലുണ്ടായ ചില ലൈംഗിക പീഡനക്കേസുകള്‍ കൂടി ഷെറിലിന്റെ കെസിലെ തെളിവുകളായി ചേര്‍ത്ത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.