ഇരുളിൽ മുണ്ടക്കൈയെ കവർന്ന ഉരുൾ തൂത്തെറിഞ്ഞത് അഞ്ഞൂറോളം വീടുകൾ. ചുറ്റും മണ്ണും കല്ലുമല്ലാതെ ഒന്നുമില്ല. കാലു കുത്തിയാൽ കുഴിഞ്ഞു താഴേക്ക് പോകുന്ന സ്ഥിതി. വീടിന്റെ മുകളിലെ റൂഫിനൊപ്പം മണ്ണ് മൂടിയിരിക്കുന്നു. ഉള്ളിൽ എത്ര മനുഷ്യരെന്ന് അവ്യക്തം. മുണ്ടക്കൈയെ ഒന്നാകെ മൂടിയ മണ്ണിനടിയിൽ നിന്ന് ഇനിയും കണ്ടെത്താൻ നിരവധി മനുഷ്യർ ബാക്കിയാവുമ്പോൾ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലാണ്. 540 വീടുകളിൽ അവശേഷിക്കുന്നത് 30 ഓളം വീടുകൾ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ കെ ബാബു പറയുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി അതിഭീകരമെന്നാല്ലാതെ പറയാൻ കഴിയില്ല.
റൂഫ് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാൻ. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയിൽ ഉള്ളം നീറിയെത്തയവർ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എങ്ങനെ എത്തും എന്നറിയാതെ സകലരോടും സഹായം അഭ്യർഥിക്കുന്ന നിസാഹായ സ്ഥിതി.
‘ആശുപത്രികളിലും ക്യാമ്പുകളിലും അന്വേഷിച്ചു. അവരെങ്ങുമില്ല. ഈ മണ്ണിനടിയിലുണ്ട്’
രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കെെയിൽ സംയുക്ത സംഘം രാവിലെ മുതലെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പരിക്കേറ്റവരെ എയർലിഫ്റ്റിങ് വഴി ആദ്യം പുറത്തെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നൽകിയിരുന്നത്. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിർമാണം പൂർത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു. മണ്ണിനടിയിൽപ്പെട്ടവർക്കായി ബുധനാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്താനെത്തിയവർക്ക് മുന്നിൽ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്.
കോൺക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്യാൻ സാധിച്ചാൽ മാത്രമേ മണ്ണിനടിയിൽ കുടുങ്ങിയവർക്കരികിലെത്താൻ സാധിക്കുകയുള്ളൂ. അത്യാധുനിക ഉപകരണങ്ങൾ എപ്പോൾ എത്തിക്കാനാവുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാൽ ചുറ്റിക ഉൾപ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചിൽ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
‘എന്റെ മോനും പേരക്കുട്ടികളും എല്ലാവരും പോയി..ഒക്കെ പോയി.. അനാഥയായിട്ട് നിൽക്കുകയാണ്.. എനിക്കിനി ജീവിതമില്ല’
‘ഈ വീട്ടിലെന്റെ അച്ഛനും അമ്മയും ഭാര്യയുമുണ്ട്’. കണ്ണീരോടെ മണ്ണ് മൂടിയ വീടിന് മുന്നിൽ കാത്തുനിൽക്കുന്നവർ അനവധിയാണ്. ആശുപത്രിയിലോ ക്യാമ്പിലോ പ്രയപ്പെട്ടവരുണ്ടാകുമെന്ന് കരുതി ഓടിയോടി ഒടുവിൽ അവർക്കായി നെഞ്ച് കലങ്ങി മുണ്ടക്കൈയിലെത്തിയവരാണ് ഏറെയും.
വീടുകളുടെ മേൽക്കൂരയടക്കം ചെളിയില്‍ അമർന്നു. ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാൻപറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. വീടുകളിൽ ചെളിയടിഞ്ഞതിനാൽ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നുപോലും അറിയാനാകാത്ത സ്ഥിതി. ഈ ചെളിയിൽനിന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അത്യാധുനിക ഉപകരണങ്ങൾ നിലവിലെ താത്കാലിക പാലത്തിലൂടെ എത്തിക്കുക പ്രയാസകരമാണ്. എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണ് അധികൃതർ.
Leave a Reply