ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽകൂടി എം.സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. അതേസമയം 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

മുമ്പ് മറ്റ് കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കമറുദ്ദീനെ കസ്റ്റഡിയിൽ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച പണമുപയോഗിച്ച് സ്വന്തം പേരിൽ ഭൂമി വാങ്ങിച്ചു. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കമറുദ്ദീന്റെ വാദം. കേസിൽ ചുമത്തിയ 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിലല്ല കച്ചവടക്കാരൻ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന് കോടതി മറുപടി നൽകി.

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽ. തട്ടിയെടുത്തെന്നാണ് കേസ്. നിലവിൽ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.