ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ എം പി തുലിപ് സിദ്ദിഖിനെതിരെ ബംഗ്ലാദേശ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയിൽ നിന്ന് അനധികൃതമായി ഭൂമി കൈപ്പറ്റിയ കുറ്റത്തിനാണ് അറസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. യുകെയിലെ മുൻ സിറ്റി മിനിസ്റ്റർ ആണ് തുലിപ് സിദ്ദിഖ് . സിദ്ദിഖ് ഉൾപ്പെടെ ഹസീനയുമായി ബന്ധമുള്ള 53 പേർക്ക് വാറണ്ട് പുറപ്പെടുവിച്ചതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെയും ബംഗ്ലാദേശും തമ്മിൽ ഔപചാരികമായി കുറ്റാരോപിതർ കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി ഇല്ല. എന്നാൽ തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളിൽ ഒരു അടിസ്ഥാനവുമില്ലെന്ന് അവരുടെ പ്രതിനിധി പറഞ്ഞു. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ധാക്കയിൽ അവർക്ക് ഭൂമി ലഭിച്ചുവെന്ന ആരോപണങ്ങളിൽ സത്യമില്ലെന്നാണ് തുലിപ് സിദ്ദിഖിന്റെ പ്രതിനിധി പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യുകെയിലെ ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും എംപിയായ തുലിപ് സിദ്ദിഖിന്റെ അമ്മായിയാണ്. ഷെയ്ഖ് ഹസീനയുടെ ഭരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അവരുടെ ബന്ധുക്കളിലേയ്ക്കും നീങ്ങുന്നതിന്റെ തുടർച്ചയാണ് പുതിയ സംഭവവികാസങ്ങൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തുലിപ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങളെ ലേബർ പാർട്ടി തള്ളി കളഞ്ഞു. തുലിപ് സിദ്ദിഖ് ഏതെങ്കിലും രീതിയിൽ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് സർക്കാർ നിലപാട്.

ഹസീനയുടെ നേരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ തനിക്കെതിരെ തിരിയുന്നത് സർക്കാരിനെ ബാധിക്കാതിരിക്കാനായി തുലിപ് സിദ്ദിഖ് ജനുവരിയിൽ ട്രഷറിയുടെ സാമ്പത്തിക സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. എന്നാൽ തുലിപ് സിദ്ദിഖിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഭരിക്കുന്ന പാർട്ടിക്ക് കളങ്കം നൽകുന്നതാണെന്നും അവർ ഉടനെ തന്നെ എംപി സ്ഥാനം രാജിവയ്ക്കണമെന്നും കൺസർവേറ്റീവ് പാർട്ടി വക്താവ് പറഞ്ഞു. അമ്മ ഷെയ്ഖ് രഹന, സഹോദരൻ റദ്‌വാൻ, ഇളയ സഹോദരി അസ്മിന എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കായി പ്രത്യേക എൻക്ലേവിൽ മൂന്ന് പ്ലോട്ട് ഭൂമി അനുവദിക്കാൻ സിദ്ദിഖ് അമ്മായിയെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. തുലിപ് സിദ്ദിഖിന്റെ കുടുംബാംഗങ്ങൾ എല്ലാം തന്നെ നിലവിൽ ബ്രിട്ടനിലാണ്.