ന്യൂസ് ഡെസ്ക്, മലയാളം യുകെ

പോർച്ചുഗീസ് കപ്പലും യുഎസിൽ രജിസ്റ്റർ ചെയ്ത എണ്ണ ടാങ്കറും ഈസ്റ്റ് യോർക്ക് ഷെയറിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റഷ്യൻ പൗരൻ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 59 കാരനായ ക്യാപ്റ്റനെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണെന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചരക്ക് കപ്പലിൽ നിന്ന് കാണാതായ ഒരു ജീവനക്കാരനെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിനുശേഷവും കണ്ടെത്താനായിട്ടില്ല. ഇയാൾ മരിച്ചതായാണ് അനുമാനിക്കുന്നത്. കൂട്ടിയിടിയുടെ കാരണത്തെ കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും മാരിടൈം ആൻഡ് കോസ്റ്റ്ഗാർഡ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഹംബർസൈഡ് പോലീസ് പറഞ്ഞു. കൂട്ടിയിടിക്ക് ശേഷം രണ്ട് കപ്പലുകളിലും വ്യാപകമായ അഗ്നിബാധ ഉണ്ടായത് അടിയന്തിര സേവനങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി തീർന്നിരുന്നു. 36 പേരെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചതായി എച്ച്എം കോസ്റ്റ്ഗാർഡ് അറിയിച്ചു. അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കാനായി 220,000 ബാരൽ വിമാന ഇന്ധനമാണ് സ്റ്റെന ഇമ്മാക്കുലേറ്റ് വഹിച്ചിരുന്നത്.

എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ച കപ്പലിൽ മദ്യവും സോഡിയം സയനൈഡും ആണ് ഉണ്ടായിരുന്നത്. വിഷലിപ്തമായ സോഡിയം സയനൈഡ് കടലിൽ ഒഴുകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ സോഡിയം സയനൈഡ് കടലിൽ പടർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈസ്റ്റ് യോർക്ക് ഷെയർ തീരത്തിന് ചുറ്റും ഒട്ടേറെ അപൂർവ്വ ഇനം പക്ഷികളുടെയും ജലജീവികളുടെയും സങ്കേതമാണ്. പഫിനുകൾ, ഗാനെറ്റുകൾ തുടങ്ങിയ കടൽ പക്ഷികളുടെ പ്രധാന കോളനികൾ ആണ് ഈ പ്രദേശം. അതുപോലെ തന്നെ ഗ്രേ സീലുകൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന കേന്ദ്രങ്ങളും ഈ സമുദ്ര പ്രദേശങ്ങളിൽ ഉണ്ട്. മലിനീകരണം ഹംബർ അഴിമുഖത്ത് പ്രവേശിച്ചാൽ അത് വന്യജീവികൾക്ക് വിനാശകരമാകുമെന്ന് യോർക്ക്ഷയർ വൈൽഡ് ലൈഫ് ട്രസ്റ്റിൽ നിന്നുള്ള മാർട്ടിൻ സ്ലേറ്റർ പറഞ്ഞു. മത്സ്യ സമ്പത്തിനും ദേശാടനം നടത്തുന്ന പതിനായിരക്കണക്കിന് പക്ഷികളെയും അത് മോശമായി ബാധിക്കും. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഗാനറ്റ് കോളനിക്ക് സമീപമാണ് അപകടമുണ്ടായതെന്നും ചോർച്ച കടൽപ്പക്ഷികൾക്ക് മാരകമായേക്കാമെന്നും റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (ആർഎസ്പിബി) മുന്നറിയിപ്പ് നൽകി.