ദുബൈ: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ജയപ്രസാദിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനി മാനേജരുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോലി ചെയ്തിരുന്ന ദുബൈയിലെ ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ജയപ്രസാദ് 3.25 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിയുടെ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കമ്പനിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ജയപ്രസാദ്. 2015 ജനുവരി മുതല്‍ 2016 ഒക്ടോബര്‍ വരെ കണക്കില്‍ കൃത്രിമം കാണിച്ച് മൂന്നേകാല്‍ കോടി അപഹരിച്ചതായാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
വിവാഹശേഷം ദുബൈയില്‍ സ്വന്തമായി വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങി. ഇതോടൊപ്പം ആഡംബര ജീവിതവും നയിച്ചു. ആഢംബര കാറും വാങ്ങിയതോടെ കമ്പനി അധികൃതര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കമ്പനിയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിവരുന്നതിനിടെ വസ്ത്രവ്യാപാര സ്ഥാപനവും ജോലിയും ഉപേക്ഷിച്ച് ജയപ്രസാദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കമ്പനി മാനേജരായ സന്തോഷ് കുറുപ്പ് പരാതി നല്‍കിയിരുന്നു. ഐജിയുടെ നിര്‍ദേശ പ്രകാരം ജയപ്രസാദിനെതിരെ ജൂലൈ 10ന് പൊലീസ് കേസെടുത്തു. ഇത് മനസിലാക്കിയ ജയപ്രസാദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സിഐ ഓഫീസില്‍ എത്തിയത്.