ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സമുദായത്തിന്റെ ആംബുലൻസ് സേവനത്തിന് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണം കൗണ്ടർ ടെറർ പോലീസ് ഏറ്റെടുത്തു. ഇത് യഹൂദ വിരുദ്ധ വിദ്വേഷ കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ നാല് ആംബുലൻസുകൾക്കാണ് അക്രമികൾ തീയിട്ടത് . വാഹനങ്ങളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ ശക്തമായ സ്ഫോടനങ്ങൾ ആണ് ഉണ്ടായത് . സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കറുത്ത വേഷം ധരിച്ച മൂന്ന് പേർ എത്തി തീ വെച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണം നടന്ന ഉടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. കഠിന പരിശ്രമത്തെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ആണ് തീ അണക്കാൻ സാധിച്ചത് . ആളപായമില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നശിപ്പിക്കപ്പെട്ട ആംബുലൻസുകൾ പുനഃസ്ഥാപിക്കാൻ സഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു. അടിയന്തിര സേവനം തടസ്സപ്പെടാതിരിക്കാൻ അധിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഇറാൻ അനുകൂല സംഘടന ഏറ്റെടുത്തിരുന്നു . അതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്.


സംഭവം വലിയ ആശങ്കയാണ് രാജ്യത്ത് ഉടനീളം സൃഷ്ടിച്ചിരിക്കുന്നത് . യഹൂദ സമൂഹത്തിനെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് ഗൗരവമായി ആണ് കണക്കാക്കപ്പെടുന്നത് . കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് അറിയിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇത് ഇരുണ്ട ദിവസം എന്ന് വിശേഷിപ്പിച്ചു. ജീവൻ രക്ഷിക്കാനുള്ള സേവനത്തിനെതിരായ ആക്രമണം അപലപനീയമാണെന്ന് ചീഫ് റബ്ബി എഫ്രൈം മിർവിസ് പറഞ്ഞു. സംഭവത്തെ തുടർന്ന് യഹൂദ കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിലെ ആംബുലൻസുകൾക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി. നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നത്