ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പളളി ശിവക്ഷേത്രമാണെന്ന ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന്റെ വാദങ്ങളെ തള്ളി രാഹുല്‍ ഈശ്വര്‍. ടിജി മോഹന്‍ദാസിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തികച്ചും അന്ധമായ പ്രചരണങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍. സംഭവവുമായി ബന്ധപ്പെട്ട് ന്യൂസ് ചാനൽ സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ഹിന്ദു പ്രസ്ഥാനങ്ങളിലെ 99 ശതമാനം വ്യക്തികളും ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ ഉന്നയിക്കില്ലെന്നും, ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
ബിജെപി പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ മുന്‍പ് താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ വാവരു പള്ളിയിലെയും അര്‍ത്തുങ്കല്‍ പള്ളിയിലെയുമടക്കം വ്യക്തികളെ ആദരിക്കുന്ന സംസ്‌കാരമാണ് പൊതുവെ കണ്ടിരിക്കുന്നത്.

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ മതസൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇത്തരക്കാര്‍ മനഃപൂര്‍വ്വം ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മില്‍ സംഘര്‍ഷത്തിലാക്കി ഹിന്ദു ഐക്യം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി.

ടിജി മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ തികച്ചും പ്രതിഷേധാര്‍ഹവും കുറ്റകരവും, ചരിത്രത്തെ തന്നെ വളച്ചൊടിക്കലാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയാണെന്നും അത് ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ക്രിസ്ത്യാനികളോടുള്ള ദേഷ്യം മനസ്സില്‍വെച്ച് കള്ള പ്രചരണം നടത്തുകയാണ് ചിലരെന്നും രാഹുല്‍ ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസമാണ് അര്‍ത്തുങ്കല്‍ പള്ളി ക്രിസ്ത്യന്‍ പള്ളിയല്ലെന്നും ശിവക്ഷേത്രമാണെന്നും അത് വീണ്ടെടുക്കലാണ് ഹിന്ദുക്കളുടെ ജോലിയെന്നും ആഹ്വാനം ചെയ്ത് ടിജി മോഹന്‍ദാസ് രംഗത്തെത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമര്‍ശങ്ങള്‍.
അര്‍ത്തുങ്കല്‍ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് ട്വീറ്റില്‍ പറയുന്നു. .അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉത്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിക്കുമെന്നും മോഹന്‍ദാസ് അവകാശപ്പെടുന്നുണ്ട്.

അര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താര പണിയ്ക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടിരുന്നുവെന്നും ഇതുകണ്ട് പരിഭ്രമിച്ച പാതിരിമാര്‍ ജോത്സ്യനെകണ്ട് ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നുമാണ് ടി ജി മോഹന്‍ദാസ് വാദിക്കുന്നത്. ഈ ക്ഷേത്രം തിരിച്ചുപിടിക്കേണ്ടതാണ് ഓരോ ഹിന്ദുവിന്റെയും ജോലിയെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നുണ്ട്.

ഇതിനകം തന്നെ നിരവധി പേര്‍ ടിജി മോഹന്‍ദാസിന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ മുന്നോട്ട് വന്നിരുന്നു. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കലാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അതിനെ ശക്തമായി എതിര്‍ക്കണമെന്നും വാദിക്കുന്നവരുണ്ട്.