ഭക്തസഹസ്രങ്ങൾ വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത തിരുസ്വരൂപം ദർശിച്ചു സായൂജ്യരായി. സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ പ്രാർഥനകളുടേയും സ്തുതി ഗീതങ്ങളുടേയും നിറവിൽ ഇന്നലെ നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ജനസഹസ്രങ്ങളെ സാക്ഷിനിർത്തി രാവിലെ 11നു നടന്ന സീറോ മലബാർ റീത്തിൽ ആഘോഷമായ ദിവ്യബലിക്ക് എറണാകുളം-അങ്കമാലി മെത്രാപ്പൊലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികനായി. തുടർന്നു ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരുന്ന വെളുത്തച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. ഫാ. തോമസ് ഷൈജു ചിറയിൽ ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു.
ബസിലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ എം. അർഥശേരിലും സഹവൈദികരും നേതൃത്വം നല്കി. ആചാരവെടികൾ മുഴങ്ങിയതോടെ തേരിന്റെ ആകൃതിയിലുള്ള രൂപക്കൂട്ടിൽ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയിൽനിന്നു പുറത്തേക്കെടുത്തു. വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയത്തിനു പുറത്തേക്കെത്തിയപ്പോൾ അന്തരീക്ഷം പ്രാർഥനാമുഖരിതമായി. ഈ സമയം ആകാശത്തു പരുന്തുകൾ വട്ടമിട്ടു പറന്നു. പ്രദക്ഷിണത്തിന് ആയിരങ്ങൾ പങ്കെടുത്തു. പ്രദക്ഷിണത്തിനു മുന്നിലായി കൊടിയും ചെണ്ടമേളവും ഇടവകയിലെ സ്നേഹസമൂഹങ്ങളുടെ പതാകകളുമേന്തിയവരും പിന്നിൽ നേർച്ചയായി നൂറുകണക്കിനു മുത്തുക്കുടകളുമേന്തി ഭക്തരും അണിനിരന്നിരുന്നു. ഇതിനു പിന്നിലായി ദർശന സമൂഹവും അദ്ഭുത തിരുസ്വരൂപവും തിരുശേഷിപ്പുമായി കാർമികരും അണിനിരന്നു.
കടൽതീരത്തെ കുരിശടിയിലേക്കുള്ള പ്രദക്ഷിണ വഴികൾക്കിരുവശവും തിങ്ങിനിറഞ്ഞ തീർഥാടകർ ഭക്ത്യാദരപൂർവം പൂക്കളും വെറ്റിലയും മലരും വാരിവിതറി വിശുദ്ധ സെബസ്ത്യാനോസിനു പാതയൊരുക്കി. കുരിശടിചുറ്റി പ്രദക്ഷിണം തിരികെ പള്ളിയിലെത്താൻ രണ്ടു മണിക്കൂറിലേറെയെടുത്തു. തിരക്കു നിയന്ത്രിക്കാൻ വോളന്റിയർമാരും പോലീസും നന്നെ പണിപ്പെട്ടു. രാവിലെ മുതൽ അർത്തുങ്കലിലേക്കു വാഹനങ്ങളിൽ പതിനായിരങ്ങൾ പ്രവഹിച്ചു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തി. രാത്രി വൈകിയും ബസിലിക്ക പരിസരത്തും കടപ്പുറത്തും ജനത്തിരക്ക് അനുഭവപ്പെട്ടു.
കടപ്പുറത്തെത്തി അസ്തമയം വീക്ഷിക്കാനും വിവിധയിടങ്ങളിൽ സജ്ജമാക്കിയ വിനോദോപാധികൾ ആസ്വദിക്കാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. എട്ടാം പെരുന്നാളായ 27നു കൃതജ്ഞതാദിനമായി ആചരിക്കും. അന്നു വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനും വിശുദ്ധന്റെ ഈ തിരുസ്വരൂപമാണ് എഴുന്നള്ളിക്കുക. രാത്രി 12ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകൾക്കു ശേഷം കൊടിയിറക്കൽ ശുശ്രൂഷയോടെ മകരം തിരുനാളിനു സമാപനമാകും.
Leave a Reply