പിങ്കി . എസ്.

തുണിക്കെട്ടിൽ ഒരു കൊച്ചു പട്ടാളവും, കൂടെ ചേച്ചിക്കുട്ടിയും.പേറ്റു നോവു കഴിഞ്ഞുള്ള ആലസ്യം പേറുന്ന അമ്മയ്ക്കരികിൽ നിൽക്കുന്ന ഒരു മനോഹര ചിത്രം ഞാൻ സങ്കൽപ്പിക്കുകയായിരുന്നു. ഓരോ വായനയിലൂടെയും നമുക്കിങ്ങനെ നേരിട്ട് കാണാനാവാത്ത പലതും കാണാൻ കഴിയുക ഭാഗ്യമാണല്ലോ, പ്രത്യേകിച്ച് നമ്മുടെ മനസ്സിനൊപ്പം ചേർന്ന് നിൽക്കുന്നവരെക്കുറിച്ച് ആകുമ്പോൾ … വാക്കുകൾക്ക് ജീവൻ വെക്കുന്നു. ചിന്തകൾ പറന്ന് പറന്ന് ഭൂതകാലത്തിലേയ്ക്ക്. അവിടെയാ പൊന്നുണ്ണി പിച്ച വെക്കുന്നു. കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നു. വീണ്ടും കാലം മുന്നോട്ട്.

അരുത് മോനേ, അത് വായിലിടരുത്… അമ്മ ശാസിക്കുന്നുണ്ട്. കൊച്ചു കുസൃതികളുമായി ,ബാല്യത്തിമിർപ്പിലാണ് ഉണ്ണി . തൊടിയും വീടും വിറപ്പിച്ച കുസൃതികൾ ചിലപ്പോഴൊക്കെ അമ്മയുടെ കണ്ണുകൾ നനയിപ്പിച്ചിട്ടുണ്ട്.

പിതാവിന്റെ കണിശതയ്ക്കൊപ്പം ജീവിത മൂല്യങ്ങളും അതിശക്തമായിരുന്നു. വിശാലമായ കാഴ്ചപ്പാട് എല്ലാ കാര്യത്തിലും വച്ചു പുലർത്തിയിരുന്നു. എന്തുമേതും അളന്നു നോക്കിയേ വീതം വെക്കാൻ കഴിയുമായിരുന്നുള്ളൂ, സർവേയർ കൂടിയായിരുന്ന പിതാവിന്. അവധി നാളുകളിൽ ദൂരത്ത് നിന്ന് ബസ്സിലേറി വരുന്ന അദ്ദേഹത്തിന്റെ കയ്യിൽ കോഴിക്കോടൻ ഹൽവ ഉണ്ടാകും, നിറവും മണവും രുചിയും നിറച്ച മധുരം… അളന്നു മുറിച്ച് വീതം വച്ച് കുടുംബാംഗങ്ങൾക്ക് നൽകിയ ശേഷം, കരുതി വയ്ക്കുന്ന ബാക്കി ഹൽവ , അടുക്കളയിൽ കൊതികൂട്ടിയിരിക്കും. നമ്മുടെ കുരുത്തം കെട്ട നായകൻ അതിവിദഗ്‌ധമായി അരികുകൾ അരിഞ്ഞ് കട്ടെടുത്ത് കഴിക്കും. അച്ഛന്റെ അളവുകളെ തോൽപ്പിക്കാനുള്ള പാടവം കൊച്ചു പട്ടാളം കൈവരിച്ചിരുന്നു. കൊതിയെ പൂട്ടി വയ്ക്കാത്ത സത്യസന്ധത, ഹൽവയോട് വേണ്ടതുണ്ടോ?

പകർത്തെഴുത്ത്, കയ്യക്ഷരം നന്നാകാനായി അച്ഛൻ നിഷ്കർഷിച്ച ഗൃഹപാഠമാണ്, ദിവസവും എഴുതണം. കളിച്ച് തീർക്കാൻ കൂടി സമയമില്ലാത്ത വികൃതി, അച്ഛൻ വരുന്നതിന്റെ തലേന്ന് ഒറ്റയിരുപ്പാൽ പകർത്തെഴുത്ത് താളുകൾ നിറയ്ക്കും. അതായിരുന്നില്ലേ ശരിക്കും കേമത്തം !
കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന ദിവസം ചൂരൽ കഷായത്തിന്റെ കയ്പ്പു നീരും കുടിച്ച് അച്ഛന്റെ മുമ്പിൽ മുഖം കുനിച്ച് കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വന്നിരുന്നു. അമ്മയായിരുന്നു വടിയെടുത്തിരുന്നതെങ്കിൽ പിടി ഉഷയെ തോൽപ്പിക്കും വേഗത്തിൽ രക്ഷപെടാൻ കഴിഞ്ഞിരുന്നു.

മക്കളുടെ പഠന നിലവാരം ഉറപ്പുവരുത്താനായി, മൂന്ന് കുട്ടികളേയും നിരത്തിയിരുത്തി, അവരോട് പാഠഭാഗങ്ങൾ ഉറക്കെ വായിക്കാനായി ആവശ്യപ്പെടാറുണ്ട്. തനിക്കറിയാവുന്ന വിഷയങ്ങൾ വായിച്ച് കേൾക്കുമ്പോൾ, അച്ഛൻ ഇടപെട്ട് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ പറയാതിരുന്നാൽ ശകാരം കിട്ടും. അതിനാൽ ഹിന്ദി എടുത്ത് ഉറക്കെ പയറ്റും.തെറ്റ് തിരുത്താനാവാതെ അച്ഛനെ കുഴയ്ക്കുക, അതും ഒരു രസമായിരുന്ന കാലം.

ഇളയ സഹോദരിക്കൊപ്പം ടോം ആൻറ് ജെറി കളി നിത്യസംഭവമായിരുന്നു. എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടു നിൽക്കുകയും, പിണങ്ങുമ്പോൾ, പീലാത്തോസിനെ പോലെ കൈ കഴുകി, അച്ഛൻ വരുമ്പോൾ പഴി മുഴുവൻ സഹോദരന്റ തലയിൽ കെട്ടിവെച്ച് നിഷ്കളങ്കതയുടെ ശാലീന രൂപമായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ വാങ്മയ ചിത്രം സങ്കൽപ്പിക്കാൻ ശ്രമിക്കൂ, പോയ ബാല്യം തിരികെ വരാത്തതിൽ വിഷമിക്കുന്നുണ്ടാവുമല്ലേ?
സഹോദരൻ ചെയ്യുന്ന കുസൃതികൾ തീയതിയും സമയവും ചേർത്ത് കുറിച്ച് വയ്ക്കുന്ന ശീലം പെൺകുട്ടിയുടെ കൃത്യ നിഷ്ഠയുള്ള ജീവിതത്തിന് സഹായകരമായത് തികച്ചും സന്തോഷമുള്ള കാര്യം തന്നെ.

ബാല്യത്തിൽ നിന്നുള്ള കുതിച്ച് ചാട്ടമാണല്ലോ കൗമാരം..രണ്ട് പെൺകുട്ടികളുടെ പുന്നാര ആങ്ങളയ്ക്ക് ഉത്തരവാദിത്വങ്ങൾക്ക് കുറവുണ്ടാകില്ലല്ലോ.  അതിന് മുൻതൂക്കം നൽകിയത് സ്വാഭാവികം.  സമപ്രായക്കാർ കളിക്കുമ്പോൾ,  പെങ്ങന്മാർക്ക് കൂട്ടു പോകാനുള്ള ഉത്തരവാദിത്വം തെല്ലൊരമർഷത്തോടെ ഏറ്റെടുത്തു. ആഴ്ച തോറുമുള്ള ചിറക്കര -കല്ലട യാത്രകൾ, ചിലപ്പോഴൊക്കെ തെങ്ങിൻ തൈയ്യുകളുമായിട്ടുള്ളത് വളരെ ക്ലേശകരമായിരുന്നു.
അവിടെ പറമ്പ് പണി നോക്കാനും സഹായിക്കാനുമായി വേണ്ടിവന്ന യാത്രകൾ പക്ഷേ, അധ്വാനശീലം വളർത്തുകയായിരുന്നു, സ്വയമറിയാതെ തന്നെ …

അച്ഛന്റെ ശാസനകൾ അമ്മയുടെ വാത്സല്യത്തിനും മീതെയായപ്പോൾ സ്വയം ജയിക്കാനായി ഒരു ഒളിച്ചോട്ടം.ആ യാത്രയിൽ പഠിക്കാൻപലതുണ്ടായിരുന്നു. ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും സങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരം ബോധ്യപ്പെടുകയായിരുന്നു. ബന്ധങ്ങളിലെ ദൃഢതയാർന്ന കാണാച്ചരടുകൾ കെട്ടിവലിച്ച് തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിത പ്രതിസന്ധികളിൽ എവിടെയെങ്കിലും ജയിക്കണമെന്ന വാശി വ്യോമസേനയിൽഎത്തിച്ചു.  ദേശാഭിമാനബോധത്തോടെ രാജ്യ സംരക്ഷകനായി.  കൃത്യനിഷ്ഠ എന്നത് സേനയുടെ അച്ചടക്കത്തിന്റെ തന്നെ ഭാഗമാണല്ലോ, അതില്ലാത്ത സ്വഭാവം നമ്മുടെ നായകനെ ഒട്ടൊന്നുമല്ല വലച്ചത്. ജന്മസിദ്ധമായ നയതന്ത്ര പാടവം പലപ്പോഴും ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ തുണയേകി. വീടുവിട്ടുള്ള ഒറ്റപ്പെട്ട ജീവിതം , പുതിയ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണാൻ പഠിപ്പിക്കുകയായിരുന്നു.

നൂറു കണക്കിന് മനുഷ്യർ, അവരുടെ ജീവിത പ്രശ്‌നങ്ങൾ, ഇടപെടലുകൾ, തീർപ്പുകൾ… അങ്ങനെ മുന്നേറുന്നു. ജീവിത പ്രതിസന്ധികളോട് മനക്കരുത്തുമായി പടവെട്ടി . വീണുടയുമായിരുന്ന സ്ഫടിക പത്രത്തിൽ പല വർണ്ണങ്ങൾ ചാലിച്ച് അഴകുറ്റതാക്കി.
പട്ടാളത്തിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം ബാങ്കിലെത്തി നിൽക്കുന്നു., പുതിയ ഉത്തരവാദിത്വങ്ങളുമായി .

എവിടെയെങ്ങനെ എത്തിയാലും, ആരായി വളർന്നാലും, ബാല്യകാലമാണ് ഒരു മനുഷ്യന്റെ ജീവിത അടിത്തറ.  ഒരിക്കലും തിരികെ നടന്ന് എത്താനാകാത്ത ബാല്യത്തെ സ്നേഹിക്കാതിരിക്കാൻ നമുക്ക് ആവില്ലല്ലോ! നമ്മെ നാമായി വാർത്തെടുത്ത ബാല്യത്തിനാട്ടെ, ബിഗ് സല്യൂട്ട്.

പിങ്കി .എസ്. കൊല്ലം ഇരവിപുരം സ്വദേശി . വിദ്യാഭ്യാസം- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിoഗ്, ബിടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് . എസ്ബിഐ യുടെ കടപ്പാക്കട ശാഖയിൽ ജോലി ചെയ്യുന്നു. സ്കൂൾ തലത്തിൽ വെച്ച് കഥാരചനാ മത്സരങ്ങളിലും, ഉപന്യാസ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഹൈസ്കൂൾ തല ക്വിസ് മത്സരം-സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കു ജീവനക്കാരുടെ മാഗസിനായ ലേബർ ലൈഫിൽ – ‘ഉയരെ’ സിനിമയെക്കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

 

ഓർമ്മചെപ്പു തുറന്നപ്പോൾ: ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ- അധ്യായം 2