അമീർ സ്വാലിഹ് 

ഇറുകിയ വസ്ത്രങ്ങൾക്കിടയിലൂടെ തുറിച്ചു നിൽക്കുന്ന ഭാഗങ്ങളിലേക്ക് കണ്ണും നട്ടയാൾ പുലമ്പി.

“ഇവളുമാർക്ക് മര്യാദക്കുള്ള വസ്ത്രം ധരിച്ചൂടെ…ഇതിപ്പോ ആണുങ്ങളെക്കാളും കഷ്ടമാണല്ലോ…”

പർദയിട്ടു ഹിജാബ് ധരിച്ചു റോഡരികിലൂടെ നടന്നു പോകുന്ന യുവതിയെ നോക്കിയയാൾ പരിഹസിച്ചു.

” പിന്നെ… ഇവളുമാരുടെയൊക്കെ വിചാരം നമ്മൾക്കൊക്കെ കേറി പിടിക്കാൻ മുട്ടി നിൽക്കുവാണെന്നാ…കഷ്ടം…”

സുഹൃത്തിന്റെ മകൾ അച്ഛനോട് ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ഉപദേശകനായി.

“എടാ…പെണ്മക്കളാണെന്നു കരുതി അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കരുത്…അവരും പഠിക്കട്ടെ…”

സ്വന്തം മകൾ ഉപരിപഠനം വേണമെന്ന് പറഞ്ഞപ്പോൾ അയാൾ ആക്രോശിച്ചു.

“പിന്നെ…നീ ഇനി കൊറേ പഠിച്ചിട്ട് എന്തുണ്ടാക്കാനാ… നിന്നെ ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഏൽപിച്ചിട്ടു വേണം മനസ്സമാധാനമായൊന്ന് ഉറങ്ങാൻ…വേണേൽ നിന്നെ അവൻ പഠിപ്പിച്ചോളും…”

അയൽപക്കക്കാരന്റെ ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ പിന്തുണ നൽകി.

“അല്ലേലും നിങ്ങളീ വീട്ടുജോലിയും ചെയ്തു കുട്ടികളെയും നോക്കി മാത്രം നടന്നാൽ പോരല്ലോ… ഇതാകുമ്പോൾ ഒരു വരുമാനവുമാകും…”

സ്വന്തം ഭാര്യ കുടിൽ വ്യവസായം തുടങ്ങുവാണെന്നു പറഞ്ഞപ്പോൾ അയാൾ കണ്ണുരുട്ടി.

“പോടീ അവിടുന്ന്…പെണ്ണുങ്ങൾ സമ്പാദിച്ചു തിന്നേണ്ട ഗതികേടൊന്നും ഇതുവരെ ഈ കുടുംബത്തിന് വന്നിട്ടില്ല…നീ ഈ വീട്ടിലെ പണി മാത്രം എടുത്താൽ മതി…അവളുടെയൊരു കുടിൽ വ്യവസായം…”

കമുകിയോടോപ്പം കടൽതീരത്തിലൂടെ കൈകോർത്തു നടക്കുമ്പോൾ പ്രണയാർദ്രമായി അയാൾ മൊഴിഞ്ഞു.

“നമുക്ക് പാതിരാത്രിയിൽ ബുള്ളറ്റിൽ ഉലകം ചുറ്റണം…സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോൾ തട്ടുകടയിൽ നിന്നും ദോശ കഴിക്കണം… പെണ്ണേ… നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഞാനുണ്ട് കൂടെ…”

പെങ്ങളെ കാമുകന്റെ കൂടെ കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു.

“എടീ…കണ്ടവന്റെ കൂടെ ഊര് തെണ്ടി നടക്കാനാണോ നിന്നെ കോളേജിൽ വിടുന്നത്… നീയീ കുടുംബത്തിന്റെ മാനം കാലയുമോടീ… നീയിനി ഈ വീടിന്റെ പുറത്തിറങ്ങുന്നത് ഞാനെങ്ങാനും കണ്ടാൽ…ആഹ്…”

ആത്മാർത്ഥ സുഹൃത്ത് അയൽക്കാരിയുമായി സല്ലപിച്ച കഥ കേട്ട് അയാൾ ചിരിച്ചു.

“കൊച്ചുകള്ളാ… എങ്ങിനെ സാധിച്ചെടുത്തു… അല്ലേലും പെണ്ണുങ്ങളെ വീഴ്ത്താൻ നിനക്കൊരു പ്രത്യേക കഴിവാണല്ലോ… നിന്നെ പോലെയൊക്കെ ആയാൽ മതിയായിരുന്നു…”

ഭർത്താവ് മരിച്ച പെണ്ണിന്റെ വീട്ടിൽ നിന്നും ഒരുത്തനെ നാട്ടുകാര് പിടിച്ചപ്പോൾ അയാളിൽ സദാചാരം ഒലിച്ചിറങ്ങി.

“എന്തിന്റെ കഴപ്പാണ് അവൾക്ക്… ഇതിപ്പോ ആദ്യമായിട്ടൊന്നുമായിരിക്കില്ല…
മാന്യന്മാർ തമാസിക്കുനിടത്തു ഈ വക പരിപാടിയൊന്നും പറ്റില്ല… അയ്യേ…”

കാമം ശമിപ്പിക്കാൻ മറ്റൊരുത്തിയുടെ ചൂട് പകരുമ്പോൾ അയാൾ ഉന്മാദത്തിൽ കൊഞ്ചി.

“പെണ്ണേ…എന്തൊരഴകാണു നിനക്ക്…നീയെന്നെ മത്തു പിടിപ്പിക്കുന്നു… നിന്നിലെ മധു എനിക്ക് ആവോളം നുകരണം…”

നാട്ടിലെ ലോഡ്ജിൽ നിന്നും വേശ്യാവൃത്തിക്ക് വന്ന സ്ത്രീകളെ കണ്ടയാൾ കാർക്കിച്ചു തുപ്പി.

“നാണവും മാനവുമില്ലാത്തവള്മാര്… ജീവിക്കാനാണേൽ വേറെ വല്ല പണിയുമെടുത്തു ജീവിച്ചൂടെ…”

അവസാനം അയാൾ ഫേസ്‌ബുക്കിലൂടെ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചു വാചാലനായി.

“സ്ത്രീ പുരുഷന്റെ പുണ്യമാണ്. അവളുടെ ആഗ്രഹങ്ങൾക്ക് നാം ഒരിക്കലും കടിഞ്ഞാണിടരുത്. അമ്മയായും പെങ്ങളായും കാമുകിയായും ഭാര്യയായും നമ്മുടെ ജീവിതത്തിൽ വസന്തം തീർക്കുന്നവളാണ് സ്ത്രീ. പരിമിതികളുടെ വേലികെട്ടുകൾക്കുള്ളിൽ നിന്നും അവളെ മോചിതയാക്കുക. സമൂഹത്തിന്റെ നിരപ്പിലേക്ക് അവളെ ഇറക്കി വിടുക. സ്ത്രീയെന്നത് ഭീരുത്വത്തിന്റെയോ അടിമത്വത്തിന്റെയോ പര്യായമല്ല.., അവൾ സഹനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ്…!!!”

 

അമീർ സ്വാലിഹ് 

സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ. ഇപ്പോൾ ബാംഗ്ലൂരിൽ ഐ എ സ് കോച്ചിംഗിന് പോയിക്കൊണ്ടിരിക്കുന്നു . കൂടാതെ ബൈജൂസ്‌ അപ്പിൽ ബിസ്സ്‌നസ് ഡെവലൊപ്മെന്റ് മാനേജർ ആയും ജോലി ചെയ്യുന്നു.