ഫാ. വർഗീസ് വള്ളിക്കാട്ട്

മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.

ഇന്ത്യയുടെ മതേതരത്വം കത്തുസൂക്ഷിക്കാൻ, ഒരാൾ അയാളുടെ മതവിശ്വാസത്തെയോ മതാനുഷ്ഠാനങ്ങളെയോ ഉപേക്ഷിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിനെ നിരാകരിക്കുന്നുമില്ല. വിശ്വാസിയും അവിശ്വാസിയും ഒരുപോലെ പാലിക്കേണ്ടതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ, മതനിരപേക്ഷത എന്ന നിലപാട്. രാഷ്ട്രീയത്തിലേക്കു മതത്തെ വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ, രാഷ്ട്രീയ രംഗത്തുമാത്രമല്ല മതസാമൂഹികരംഗങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. ഇതറിയാത്തവരല്ല മലയാളികൾ.

ശ്രീ. പി.റ്റി. തോമസ് തന്റെ മൃതശരീരം മതചടങ്ങുകൾ കൂടാതെ ദഹിപ്പിക്കണം എന്ന് വിൽപത്രം എഴുതിവച്ചത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടർച്ചയും അനുബന്ധവുമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം ജീവിക്കാൻ ശ്രമിച്ച മതനിരപേക്ഷ നിലപാടിന്റെ ഒരു അടയാളമായി അതിനെ കാണുന്നവർക്ക്, അതിലൂടെ അദ്ദേഹം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിനു നല്കാൻ ശ്രമിച്ച സന്ദേശം എന്തെന്ന് മനസ്സിലാകും. പക്ഷെ, അതു മനസ്സിലാകണമെങ്കിൽ, മനസ്സിൽ കുറച്ചു മര്യാദയുണ്ടാവണം. അദ്ദേഹത്തെയും കത്തോലിക്കാസഭയെയും ഒരുപോലെ താറടിക്കണം എന്ന കുത്സിത ചിന്ത വച്ചുപുലർത്തുന്നവർക്ക്, അതുണ്ടായിക്കൊള്ളണം എന്നു നിർബന്ധമില്ല. ഗ്രൂപ്പുപോരും രാഷ്ട്രീയവൈരവും വർഗീയവിദ്വേഷവും മാറ്റിവച്ച്, മരിച്ചുപോയ ഒരു മനുഷ്യനോടു കാട്ടേണ്ട മനുഷ്യത്വം എന്ന മര്യാദ കുറച്ചെങ്കിലും പാലിക്കാൻ, ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധവയ്ക്കണം.

മതത്തെയും പൗരോഹിത്യത്തെയും പച്ചയായി ചീത്ത പറഞ്ഞാലേ മതേതരനാകൂ എന്ന് ചിന്തിക്കുന്ന പ്രത്യേകതരം മതേതരവാദികളോട് ഒരു കത്തോലിക്കൻ എന്ന നിലയിൽ, ഒരുവാക്ക്: കത്തോലിക്കാസഭയ്ക്ക് പി.റ്റി. തോമസിനെയോ മറ്റേതെങ്കിലും രാഷ്ട്രീയക്കാരനെയോ പ്രത്യേകമായി ചുമക്കേണ്ട ബാധ്യതയോ തള്ളിപ്പറയേണ്ട ഗതികേടോ ഇല്ല. അവരവർ സ്വീകരിക്കുന്ന നിലപാടുകളുടെ സാംഗത്യമനുസരിച്ച്‌, അതിനെ സ്വാഗതം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നതിൽ തകരാറുണ്ടെന്നു കരുതുന്നുമില്ല. രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാട് പുലർത്തുന്നവരാണ് പൊതുവേ ക്രൈസ്തവർ. പള്ളിയിൽ അവർ തലവണങ്ങി നിൽക്കുന്നത്, അദൃശ്യനായ ദൈവത്തിന്റെ ആത്മീയ സാന്നിധ്യത്തിലാണ്. പുറത്ത്, അവർ കോൺഗ്രസോ കമ്യൂണിസ്റ്റോ ബി.ജെ.പിയോ അല്ലെങ്കിൽ, ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമോ പ്രത്യേകമായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്തവരോ ആയിരിക്കും. അവർക്ക്‌, അവരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും ആവശ്യമെങ്കിൽ, പ്രക്ഷോഭം നടത്താനും അവകാശമുണ്ട്. ന്യായമായ കാര്യങ്ങളിലാണെങ്കിൽ, അതിനു സഭാസംവിധാനങ്ങളുടെ പിന്തുണയും ഉണ്ടാകാറുണ്ട്.

കർഷകരുടെ പ്രശ്നങ്ങളിൽ, ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചതിന്റെ ചരിത്രം, കേരളത്തിലെ ക്രൈസ്‌തവ സമുദായത്തിനുണ്ട്. അത്തരം വിഷയങ്ങളിൽ, വൈദികരുൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങാറുമുണ്ട്. ഇക്കാര്യത്തിൽ, ഫാ. വടക്കൻ മുതൽ മലയോര ജീവിതത്തിൽ, ഗ്രാമ ഗ്രാമാന്തരങ്ങളിൽ റോഡുകളും, പള്ളികളും പള്ളിക്കൂടങ്ങളും ഉണ്ടാക്കി ജനത്തോടൊപ്പം നിന്ന നിരവധി വൈദികരുടെ ചരിത്രം കേരളത്തിലെ ഓരോ മലയോരഗ്രാമത്തിനും പറയാനുണ്ടാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാഡ്ഗിൽ റിപ്പോർട്ടിനെ വിമർശനബുദ്ധ്യാ സമീപിച്ച മലയോര ജനതയോടൊപ്പം ക്രൈസ്തവ സമുദായവും സഭയും നിലകൊണ്ടു എന്നതിൽ, അന്നും ഇന്നും ഒരേ നിലപാടുതന്നെയാണുള്ളത്. രാഷ്ട്രീയം മാറ്റിവച്ച്‌ ഈ വിഷയം ചർച്ചചെയ്യാൻ തയ്യാറാണെങ്കിൽ, ഗാഡ്ഗിൽ റിപ്പോർട്ടിൽ എന്തുനന്മയുണ്ടെങ്കിലും അതിനെ ഉൾക്കൊള്ളാൻ കത്തോലിക്കാ സഭ അന്നും ഇന്നും തയ്യാറാണുതാനും. ഇത് ശ്രീ. പി.ടിക്ക് അറിയാത്തതല്ല.

ഇതുസംബന്ധിച്ചു സഭക്ക് തുറന്ന സമീപനമാണ് ഉള്ളതെന്നും ഗാഡ്ഗിൽ റിപ്പോർട്ട് വിശദമായി പഠിച്ച്‌ ഒരു പ്രായോഗിക നയരേഖ തയ്യാറാക്കാൻ സഹകരിക്കണമെന്നും അഭ്യർഥിച്ചുകൊണ്ട് ശ്രീ പി.റ്റി. തോമസ്, ശ്രീ. ജോയ്‌സ് ജോർജ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, പരിസ്ഥിതി രംഗത്തെ പ്രമുഖരായ ചില ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിൽ, 2014 ജൂലൈ മാസത്തിൽ കെ.സി.ബി.സി. ആസ്ഥാനത്തു നടന്ന ചർച്ചയിൽ ഞാനും പങ്കെടുത്തിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രയോഗികതലം ചർച്ചചെയ്യുന്നതിനെക്കാൾ, മാധ്യമങ്ങൾ ചൂണ്ടിയ വിരുദ്ധ ധ്രുവങ്ങളിലൂടെ കേരളത്തിലെ ഇരുമുന്നണികൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ വടം വലിച്ചുകൊണ്ടു പോകുന്നതാണ് അന്നു കാണാൻ കഴിഞ്ഞത്. ചർച്ചയ്ക്കിടെ ചിലർ പലതവണ ഇറങ്ങിപ്പോവുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി ഒരു പ്രായോഗിക നിലപാടു രൂപീകരിക്കുക അസാധ്യമാണ് എന്ന് ബോധ്യമായപ്പോൾ, പരിസ്ഥിതി രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനും ഈ വിഷയത്തിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം നിൽക്കാനും സഭ നിലപാടെടുത്തു എന്നതാണ് വസ്തുത.

എറണാകുളത്തെ തന്റെ രാഷ്ട്രീയ തട്ടകം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി, മലയോര മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, എറണാകുളത്ത് ശ്രീ. മാധവ് ഗാഡ്ഗിലിനെ വിളിച്ചുവരുത്തി, ഇടുക്കിയിലെ ജനങ്ങളെയും അച്ചന്മാരെയും വിമർശിക്കുന്ന പരിപാടികൾ പി.റ്റി. സംഘടിപ്പിച്ചിരുന്നു. അത്തരം പരിപാടികളിൽ ഞാനും അന്നത്തെ എന്റെ സഹപ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്. ഇടുക്കിയിൽ കർഷകരുടെ സമരത്തിന് നേതൃത്വം നൽകിയ വൈദികരിൽ ചിലരും എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ‘ശവഘോഷയാത്ര’യുടെ വ്യത്യസ്തങ്ങളായ നറേറ്റീവുകൾ പി.ടി.യിൽനിന്നു നേരിട്ടും, അത് സംഘടിപ്പിച്ചു എന്ന് അദ്ദേഹം കരുതുന്ന വൈദികരിൽനിന്നും ഞാൻ കേട്ടിട്ടുണ്ട്. പി.റ്റി.യുടെ നറേറ്റിവ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വൈദികർ പറയുന്നതിൽ വാസ്തവമുണ്ടെന്നും മനസ്സിലാക്കാൻ എനിക്ക് അതിമാനുഷികമായ കഴിവൊന്നും ആവശ്യമുണ്ടായിരുന്നില്ല. ചരിത്രത്തിലെ സംഭവങ്ങൾക്ക്, ഓരോരുത്തരും എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചു വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ടാവാം. ഉണ്ടാവും. അതറിയാത്തവൻ മണ്ടനാണ്.

ഇവിടെയിപ്പോൾ അതല്ല പ്രശ്നം. പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. അത്, പി.റ്റി.യോടുള്ള ആരാധന മൂത്തിട്ടാണ് എന്നു മാലോകരെ ബോധ്യപ്പെടുത്താൻ അവർ വല്ലാതെ കഷ്ടപ്പെടുകയുമാണ്. ഇതിന്റെ വല്ലതും ആവശ്യമുണ്ടോ? കത്തോലിക്കരും അല്ലാത്തവരുമായ ക്രൈസ്തവ രാഷ്ട്രീയ നേതാക്കൾ കോൺഗ്രസിലും ബി.ജെ.പിയിലും മാർക്സിസ്റ്റുപാർട്ടിയിലും കേരള കോൺഗ്രസ്സിന്റെ നിലവിലുള്ള എല്ലാ വിഭാഗങ്ങളിലും ഉണ്ടാകട്ടെ! അവർ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കട്ടെ! അവർ മതേതര ജനാധിപത്യത്തിൽ മാതൃകകളും അടയാളങ്ങളുമായി ശോഭിക്കട്ടെ! അവരുടെ ജീവിതം മാതൃകാപരവും ആദർശനിഷ്ഠവുമാകട്ടെ! ‘അസൂയാവഹം’ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിധത്തിൽ അവരുടെ ജീവിതവും സേവനങ്ങളും മരണാനന്തരവും അനുസ്മരിക്കപ്പെടട്ടെ! അവരുടെ ഒപ്പം പി.റ്റി. തോമസ് എന്ന നാമവും ഉണ്ടാകട്ടെ!

വാൽകഷ്ണം: ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചചെയ്യുന്ന ആരും എന്തുകൊണ്ട്, റിപ്പോർട്ട് ആവശ്യപ്പെടുന്ന നടപടികൾ നടപ്പാക്കുമ്പോൾ മലയോര കർഷകരുടെ ജീവിത രീതിയിലും കാർഷിക സമ്പ്രദായങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങളെപ്പറ്റിയും അതു പരിഹരിക്കാനായി സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും ഒന്നും മിണ്ടുന്നില്ല? മറ്റു രാജ്യങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ സർക്കാരുകൾ കൈക്കൊണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്തുകൊണ്ട് മാതൃകയാക്കുന്നില്ല? എല്ലാ ഉത്തരവാദിത്വവും കർഷകരുടെ ചുമലിൽ ചാർത്തുന്നവർ, കാര്യങ്ങൾ കുറേക്കൂടി കണ്ണുതുറന്നു കാണണം.