ജോസിലിൻ തോമസ്

കഷ്ടപ്പാടിന്റെ കനലിൽ ചവിട്ടി നിൽക്കുമ്പോഴും ഹൃദയം നിറയെ കാരുണ്യത്തിന്റെ കടൽ സൂക്ഷിച്ചിരുന്ന രാജൻ യാത്രയായി. കുബേരന്മാർ പോലും കാശില്ലെന്ന ന്യായം പറഞ്ഞ് കാരുണ്യ പ്രവൃത്തികളിൽ നിന്ന് മാറി നിൽക്കുന്ന ഇന്നത്തെ കാലത്ത്, സ്വന്തമായി കിടപ്പാടം ഇല്ലാതെ ഇരുന്നിട്ടും കുടുംബം നോക്കാൻ കഠിനമായി അദ്ധ്വാനിച്ചു കിട്ടിയ പണത്തിൽ നിന്ന് ഒരു വിഹിതം മിച്ചം പിടിച്ച് സഹജീവികൾക്ക് ഭക്ഷണം നൽകിയിരുന്ന രാജൻ. ഹൃദയത്തിൽ ഇത്രയും നന്മ ഉണ്ടായിരുന്ന രാജൻ സമ്പന്നൻ അല്ലെന്ന് പറയാൻ ആർക്ക് കഴിയും ?. എന്നാൽ ജീവിതത്തിൽ രാജൻ കണ്ട പലരും കരുണവറ്റിയ കണ്ണുകളും കല്ലായ ഹൃദയവും ഉള്ളവർ ആയിരുന്നു.

മൂന്ന് സെന്റ് സ്ഥലത്തിന്റെ അവകാശത്തിനായി രാജന്റെയും ഭാര്യയുടെയും വിയോഗത്തിനു ശേഷം വീറോടെ വാദിക്കുന്ന അയൽക്കാരി. വിശന്ന് വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്ന രാജന് ഊണ് കഴിക്കാൻ പോലും സാവകാശം കൊടുക്കാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നിയമപാലകർ. പെട്രോൾ ഒഴിച്ച് നിൽക്കുന്ന ആളുടെ അടുത്തേയ്ക്ക് തീ പടരാൻ സഹായിക്കുന്ന യാതൊന്നും ചെയ്യരുതെന്ന സാമാന്യബോധം പോലും പിന്നീട് അവർ കാണിച്ചില്ല.

രാജന്റെ വിയോഗശേഷം ആംബുലൻസ് വിളിക്കാൻ ഉള്ള പണം പോലും കൊടുത്ത് സഹായിക്കാൻ സന്മനസ് കാണിക്കാതെ ആ മക്കളെ കടം മേടിക്കുന്ന അവസ്ഥയിൽ എത്തിച്ച ഞാനും കൂടി ഉൾപ്പെടുന്ന പൊതുജനം. സ്വന്തം പിതാവിനായി കുഴിവെട്ടിയ 18 കാരൻ രഞ്ജിത്ത് രാജ് വെട്ടിയ വെട്ടുകൾ എല്ലാം ഹൃദയമുള്ളവരുടെ മനസിലേയ്ക്ക് ആഞ്ഞു തറച്ച കരിങ്കൽ ചീളുകൾ ആയി മാറി. പാവപ്പെട്ടവന് നീതി കിട്ടണമെങ്കിൽ അവൻ മരിക്കണമെന്ന സ്ഥിതിയാണ് ഇന്ന് നിലവിൽ ഉള്ളത്. ചില ചെറിയ വിട്ടുവീഴ്ചകൾ, അല്പം മനുഷ്യത്വത്തിന്റെ സ്നേഹസ്പർശം ഇതൊക്കെയുണ്ടായിരുന്നെങ്കിൽ രാഹുലിനും രഞ്ജിത്തിനും സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെടില്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികൾക്ക് സാമ്പത്തികസഹായം കൊടുക്കാൻ നമ്മൾക്ക് കഴിയുമെങ്കിലും അവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛനെയും അമ്മയെയും തിരികെ കൊടുക്കാൻ ആർക്ക് കഴിയും. കുഞ്ഞുങ്ങൾക്ക് ആദ്യമായി മനുഷ്യത്വത്തിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ രാജനെപ്പോലെ എല്ലാവർക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ പണത്തിന് പരമപ്രാധാന്യം കൽ‌പ്പിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാതിരിക്കാനും ഇത്തരം ഹൃദയഭേദകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഒരു പരിധിവരെ കഴിയുകയുള്ളു. ജീവിതകാലത്ത് എത്ര പടവെട്ടിയാലും ആറടി മണ്ണിൽ കൂടുതൽ അവകാശം ഒന്നും അവസാനകാലത്ത് അടക്കം ചെയ്യപ്പെടുമ്പോൾ ആർക്കും കിട്ടില്ല എന്ന സത്യം നമ്മൾക്ക് മറക്കാതെയിരിക്കാം.

 ജോസിലിൻ തോമസ്, ഖത്തർ