ജോസ്‌ന സാബു സെബാസ്റ്റ്യൻ

നടി ഭാവനയുടെ തിരിച്ചു വരവ് ഇത്രയൊക്കെ കെങ്കേമം ആക്കേണ്ടതുണ്ടോ ? അല്ലേലും ലൈംലൈറ്റിൽ നിൽക്കുന്നവരുടെ ഓരോ ദിനവും മലയാളികൾക്ക് പ്രധാന വർത്തകളാണ് . പിന്നെ ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത ?

ഇവൾക്കെന്താ കൊമ്പുണ്ടോ ?

അതെ ഇവൾക്ക് കൊമ്പുണ്ട് .. സിനിമാ മേഖല തന്നെ അടച്ചു വാണിരുന്നവനെ , പണത്തിന്റെയും പിൻബലത്തിന്റെയും അഹങ്കാരത്തിമർപ്പിൽ ആടി അറമാതിച്ചിരുന്ന ഒരുവനെ കുത്തിമലർത്തി ഒരു മൂലക്കിട്ട അവൾക്ക് കൊമ്പുണ്ട് …..

പെണ്ണെന്നാൽ ചാണകം വാരിയും,ചെടിക്ക് തടമെടുത്തും, പച്ചക്കറി കൊത്തിയരിഞ്ഞും , പപ്പടം കാച്ചിയും , ആണിന്റെ കൈത്തരിപ്പ് തീർത്ത മാനസിക ശാരീരിക വൃണങ്ങളുമായൊക്കെ പിന്നാമ്പുറത്തൊരു മൂലക്കിരുന്നോളുമെന്ന് സ്വപനം കണ്ടിരുന്ന ഒരു വലിയ പറ്റം പുരുഷ കേസരികളുടെ അടിവയറിനിട്ടാണ് അവൾ കുത്തി മുറിവേൽപ്പിച്ചു പറന്നുയർന്നത് . ഒരു പെണ്ണെന്നാൽ ഇത്രയേ ഉള്ളു, അവളോടെന്തുമാകാം എന്നുള്ള ചില മേൽമീശ മേധാവിത്വത്തെയാണവൾ ഉടച്ചു വാർത്തത് .

അതിനാൽ നടി ഭാവനയുടെ തിരിച്ചു വരവ് , ഒരു നടിയായതിന്റെ പേരിൽ മാത്രം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല . മറിച്ചു ഇത് മറ്റനേകം മുറിവേറ്റ പെണ്ണുങ്ങൾക്കുള്ള ഒരൗഷധമാണ് …. ഒരു കരുത്താണ്…..അതിനാൽ അവളുടെ വരവ് ഒരു ദിവസത്തേക്കോ ഒരു സിനിമയിലേക്കോ മാത്രമായി ആഘോഷമാക്കേണ്ടതല്ല മറിച്ച്, എന്നും നമ്മുടെ സമൂഹത്തിൽ വളരെ പ്രൗഡമായിതന്നെ ആഘോഷിക്കേണ്ട ഒന്ന് തന്നെയാണ് …..

കാരണം നമ്മൾ ഇന്ത്യാക്കാർ സെലിബ്രിറ്റികൾ ഉണ്ണുന്ന പാത്രത്തിൽ കഴിക്കാനും ഉറങ്ങുന്ന പായയിൽ ഉറങ്ങാനും ആഗ്രഹിക്കുന്നവരാണ് .അവർ എന്ത് ചെയ്തോ അത് തന്നെ നമ്മൾ ചെയ്തു സായൂജ്യമടയാനുള്ള നമ്മുടെ ആ മാനസിക അവസ്ഥക്ക് ഇന്നും നമ്മുടെ ഇടയിൽ ഒരു കുറവും വന്നിട്ടില്ല . അങ്ങനുള്ളപ്പോൾ സിനിമാ മേഖലയിലെ ഓരോ അനക്കവും സാധാ ജനങ്ങളുടെ ജീവിത ശൈലി ആയി മാറുന്നു .

ഈ ഒരു സന്ദർഭത്തിലാണ് ഭാവനയുടെ തിരിച്ചു വരവ് ഒരു വമ്പൻ വിജയമാകുന്നത്. അവളുടെ തിരിച്ചു വരവിലൂടെ അവൾ സാധാ മനുഷ്യമനസുകളിലേക്ക് ഒപ്പിട്ടു വയ്ക്കുന്ന ചില കാര്യങ്ങളുണ്ട് …..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുരുഷ കേസരികൾക്ക് കേറിയിറങ്ങി ചൊരുക്ക് തീർക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം … തുണിയൊന്നാഴിഞ്ഞാൽ , അഴിപ്പിച്ചാൽ പിന്നീടൊരു ജീവിതമില്ല എന്ന് തോന്നി ജീവിതം അവസാനിപ്പിക്കുന്ന തലമുറയുടെ ജേതാവ്‌ ……പെണ്ണെന്നാൽ മുറിഞ്ഞിടത്തുനിന്നും പൊട്ടി തളിർത്തു വളർന്നു കേറേണ്ടവളാണെന്നൊരു ഓർമപ്പെടുത്തൽ ….

ആണൊരുത്തൻ തൊട്ടാൽ സെക്കൻ ഹാൻഡ് ആയി പോയി എന്ന് ചിന്തിക്കുന്ന ചില പൊട്ടൻ ചിന്താഗതിക്കാരുടെ തലപ്പത്തി ആണവൾ ചവിട്ടി അരച്ചവൾ ….

പെണ്ണിനെ ഇല്ലാതാക്കി വകവരുത്താൻ അവളുടെ മാനം കവരുക എന്ന ഏറ്റവും ചീപ്പായ ചിന്തയുള്ള ചില ഞരമ്പ് രോഗികൾക്കുള്ള ചുട്ട മറുപടി ….

പുരുഷന്റെ കൈ കരുത്തിൽ മിണ്ടാതെ വായ് പൊത്തി ഞെരിഞ്ഞമരേണ്ടവളല്ല പെണ്ണ് എന്നുള്ള ഓർമ്മപ്പെടുത്തൽ …..

ഇങ്ങനെ അവളുടെ ജീവിതം കൊണ്ടിവിടെ തിരുത്തി കുറിച്ചവ പലതാണ് .

എത്ര എത്ര പെൺ കരുത്തുകളാണ് നമുക്ക് ചുറ്റും മാന നഷ്ട വിതുമ്പലിന്റെ കയറിൽ തൂങ്ങി മരിച്ചിട്ടുള്ളത് ?
എത്ര എത്ര പെണ്ണുങ്ങളുടെ ശബ്ദമാണ് ആൺ മേധാവികൾ അവരുടെ കാമ വെറികൊണ്ട് മൂടി പൊത്തി വച്ചിട്ടുള്ളത് ?

സ്ത്രീ കരൂത്ത് തെളിയിക്കേണ്ടത് അവളുടെ അർദ്ധ നഗ്ന മേനിയിലൂടെയല്ല , മറിച്ചു അവളുടെ ചില ഉറച്ച തീരുമാനങ്ങളിലൂടെയാണ്….ഒന്നിനും പതറിക്കാൻ പറ്റാത്ത മനസ്സിലൂടെയാണ് …..ആർക്കും തട്ടി തെറിപ്പിക്കാൻ പറ്റാത്ത അത്ര കെട്ടുറപ്പുള്ള കാൽവെപ്പുകളിലൂടയാണ് ….
എന്നൊക്കെ ഈ പെൺ സിംഹം തെളിയിച്ചിരിക്കുന്നു .

അങ്ങനുള്ളപ്പോൾ അവളുടെ വരവ് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് …..
സ്ത്രീകളുടെ ഭാവിക്കായി ഭാവന തെളിച്ച ഈ ദീപം അണയാതെ, അവ പീഡിപ്പിക്കപെടുന്ന ഓരോ പെൺതരിക്കും ഭാവിയിലേക്കുള്ള വെളിച്ചമായി തീരട്ടെ ….