കാരൂർ സോമൻ

നമ്മുടെ ചരിത്ര ഗാഥകളിൽ സൂക്ഷിക്കേണ്ടയൊന്നാണ് തൃക്കാക്കര ഉപതെരെഞ്ഞടുപ്പ്. കോൺഗ്രസ് പാർട്ടി ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പൊരുതി തോറ്റു. ആരോഗ്യ രംഗത്തുള്ള ഒരു പൊതുപ്രവർത്തകനെ കേരളത്തിന് നഷ്ടപ്പെട്ടു. ഇനിയെങ്കിലും അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മാറി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രഗത്ഭരെ സ്ഥാനാർത്ഥിയാക്കിയാൽ സമൂഹത്തിനാകെ അത് നേട്ടമായിരിക്കും. ഇല്ലെങ്കിൽ അഴിമതിയും അനീതിയും വളർന്നുകൊണ്ടിരിക്കും. മുൻമന്ത്രിയും പോളിറ്റ് ബ്യുറോ അംഗവുമായ എം.എ.ബേബി അറിയിച്ചത് ‘തോൽവിയിൽ നിന്ന് പാഠം പഠിക്കണമെങ്കിൽ പഠിക്കും’. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ‘ദൈവത്തെ ഭയക്കുന്നപോലെ ജനത്തെ ഭയക്കണം’. രണ്ടുപേരും പഠിക്കണം, ഭയക്കണം എന്നാണ് ജനത്തോടെ പറഞ്ഞത്.

രണ്ട് വ്യക്തിത്വങ്ങളും ശരിയായ അളവുകോലാണ് മലയാളിക്ക് തന്നത്. അളക്കുക മാത്രമല്ല വിലയിരുത്തി പഠിക്കണം. ഒരാൾ എം.എൽ.എ.അല്ലെങ്കിൽ മന്ത്രിയായാൽ ധരിച്ചിരിക്കുന്നത് ആനപ്പുറത്തെന്നാണ്. അതിനെ അജ്ഞത, അറിവില്ലായ്മ എന്ന് വിളിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ മന്ത്രിമാർ സൈക്കിളിൽ യാത്ര ചെയ്യുന്നത് നാം മറക്കരുത്. അവരുടെ പിറകിൽ പരിവാരങ്ങൾ ഒന്നുമില്ല. അതിന്റെയർത്ഥം അവർക്ക് ജനത്തെ ഭയമില്ല. അവരുടെ സേവകരാണ്. മലയാളക്കരയെ തൃക്കാക്കരയിലെ ജനങ്ങൾ പഠിപ്പിച്ചത് ഞങ്ങൾ ബുദ്ധിശൂന്യരും വിവരംകെട്ടവരുമല്ല എന്നതാണ്. എന്തുകൊണ്ടെന്നാൽ അവിടെ ജാതിമത വർഗ്ഗീയ പാർട്ടികളുടെ കരിമ്പടങ്ങൾ ഒന്നൊന്നായി അഴിഞ്ഞുവീണു. ജാതി മതത്തിന്റെ മറവിൽ വരുന്ന അവസരവാദികളെ അവർ തിരിച്ചറിഞ്ഞു. അവിടെ കൂട്ടിവായിക്കേണ്ടത് ഈഴവർ, മുസ്ലിം, ക്രിസ്ത്യൻ അവസരവാദികൾ പദവികളിൽ കടിച്ചുതൂങ്ങിയിരിപ്പുണ്ട്. തൃക്കാക്കരക്കാർ വടക്കേ ഇന്ത്യയിൽ നിന്ന് വിരുന്നു വന്ന ജാതിമത കുത്തിവെപ്പ് പുച്ഛത്തോടെ പുറംതള്ളി. ആ തീരുമാനം മലയാളിയുടെ വിടർന്ന നേത്രങ്ങൾക്ക് അളവറ്റ ആഹ്‌ളാദം നൽകി. കേരളത്തിന്റെ മുക്കിലും മൂലയിലും വളർന്നു കൊണ്ടിരിക്കുന്ന വർഗ്ഗീയ വിഷപ്പാമ്പുകളെ പുറത്താക്കിയതിൽ തൃക്കാക്കരക്ക് ഹൃദയം നിറഞ്ഞ നന്ദി. തൃക്കാക്കര വികസിത പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പമെത്തിയിരിക്കുന്നു.

ഇന്ത്യയിൽ പലയിടത്തും ആഭിചാരകർമ്മങ്ങളും കെട്ടുകാഴ്ചകളും ജാതി കലർത്തി പലരെയും വഞ്ചിക്കുന്നത് കാണാം. വോട്ടുചെയ്യുന്നവർ മനസ്സിലാക്കേണ്ടത് അഞ്ചു വർഷത്തിലൊരിക്കൽ കിട്ടുന്ന വോട്ട് മഞ്ഞുതുള്ളി വീഴുന്നതുപോലെയാണ്. അവിടെ നമ്മുടെ മാംസം കൊതിച്ചുനിൽക്കുന്ന കഴുകന്മാരാണ് ജാതി മത വോട്ടിനായി നമ്മെ സമീപിക്കുന്നത്. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുക മറ്റൊരു ആഭിചാര കർമ്മമാണ്. ഈ മൂഢന്മാർ സ്വയം ദേവന്മാരെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു. അവരെ ആദരിക്കയും വിശ്വസിക്കയും ചെയ്യുന്ന അന്ധവിശ്വാസികൾ ധാരാളമുണ്ട്. അതിന്റെ കാരണം അറിവില്ല. അറിവില്ലാത്തതിന്റെ പ്രധാന കാരണം ഭരണത്തിലുള്ളവർ ജനത്തിന് വേണ്ടുന്ന നല്ല സാഹിത്യ സൃഷ്ഠികൾ വായിക്കാൻ കൊടുക്കുന്നില്ല. അവർ വായിച്ചു വളർന്നാൽ അറിവുണ്ടാകും, അറിവ് ലഭിച്ചാൽ ചോദ്യങ്ങൾ ഉയരും. അധികാര കസേരയിൽ മരണംവരെ ഇരിക്കാൻ സാധിക്കില്ല. അവർ അടിച്ചുപുറത്താക്കും. ഇന്ത്യയിലാണ് മരണംവരെ ഭരണത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നവരെ കാണാൻ സാധിക്കുക. എം.പി, എം.എൽ.എ.മരിച്ചാലും ശവപറമ്പുകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ആത്മാവ്‌പോലെ ഭാര്യ അല്ലെങ്കിൽ മക്കൾ മത്സരിക്കാനിറങ്ങും. സഹതാപത രംഗമുണർത്തി സ്ഥാനാർഥികളായി ജയിക്കുന്നു. എന്നാൽ വിദ്യാസമ്പന്നർ, അറിവുള്ളവർ അങ്ങനെയുള്ള പ്രലോഭനങ്ങളിൽ വിഴുന്നവരല്ല. കേരളത്തിൽ സാഹിത്യമെടുത്താലും എന്തും രാഷ്ട്രീയപ്രേരിതമാണ്. യഥാർത്ഥ ഈശ്വരത്വത്തെ, ജ്ഞാനത്തെ തിരിച്ചറിഞ്ഞവർക്ക് മാത്രമെ മനുഷ്യത്വമുള്ളവനും വിവേകിയുമാകാൻ സാധിക്കൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്റെ ദേശമായ ചാരുംമൂട് താമരക്കുളമടക്കം പല പഞ്ചായത്തുകളിലും മൂല്യബോധത്തോടെ സാമൂഹ്യ വിഷയങ്ങളെ നേരിടാൻ സാധിക്കാതെ ജാതിമതക്കോട്ടകളിൽ അഭയം പ്രാപിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. വ്യാസമഹർഷി രചിച്ച ‘ഭഗവത്ഗീത’യിലെ കലികാലവർണ്ണന ഇന്ന് അക്ഷരംപ്രതി ശരിയായി വരുന്നു. കാരണം അക്ഷരം ആത്മാവ് എന്തെന്ന് ഇവർക്കറിയില്ല.

ജാതി മതമുള്ള ദേശങ്ങളിലാണ് ദുഷ്ടന്മാർ പെരുകുന്നത്. ഇന്ത്യയുടെ അടുത്തുള്ള താലിബാൻ കണ്ടാലറിയാം. അവിടെവരെ പോകേണ്ടതില്ല. നമ്മുടെ കാശ്മീർ എടുത്താൽ മതി. ജാതി മതത്തിന്റെ പേരിൽ മനുഷ്യരെക്കൊല്ലുന്ന കാട്ടാളന്മാർ. മലയാള മണ്ണിന് പുരോഗമനപരമായ കാഴ്ചപ്പാടുകളുള്ളതിനാൽ ആ മണ്ണിൽ ജാതിമത വിത്തുകൾ വളരില്ല. തൃക്കാക്കരയത് തെളിയിച്ചു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം പാവങ്ങളെ പരിഭ്രാ ന്തരാക്കുമ്പോൾ കേരളത്തിൽ ജനങ്ങളെ അസംതൃപ്തരാക്കുന്ന സാമൂഹ്യാന്തിരീക്ഷം ചുരുക്കമാണ്. ഭരണത്തിലുള്ളവർ നടത്തുന്ന പരസ്യങ്ങൾ കണ്ടാൽ തോന്നുക രാജ്യത്തെ സേവിക്കുന്നത് സ്വന്തം വീട്ടിലെ സമ്പത്തു കൊണ്ടണ്. ഈ പരസ്യങ്ങൾക്ക് ഇവർക്ക് ആരാണ് ഭീമൻ തുക കൊടുക്കുന്നത്? ഈ പൊങ്ങച്ചമൊന്നും വിദ്യാസമ്പന്നരുടെ രാജ്യങ്ങളിൽ കാണാറില്ല. നാം കൊട്ടിഘോഷിക്കുന്ന യുപിയിൽ ജാതിമത വിഭജനം മാത്രമല്ല സ്ത്രീകൾക്കും രക്ഷയില്ല. അവിടെ നിന്നുള്ള ഇപ്പോഴത്തെ വാർത്ത ‘പെൺകുട്ടികളെ പ്രസവിച്ചതിന് ഭർത്താവിന്റെ, ബന്ധു ക്കളുടെ ക്രൂര മർദ്ദനം. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു’. ഇങ്ങനെ എത്രയോ സ്ത്രീകൾ ഇന്ത്യയിൽ ക്രൂര പീഡനങ്ങളാൽ പിടയുന്നു.

മുൻപ് ഓക്‌സിജൻ കിട്ടാതെ എത്രയോ കുഞ്ഞുങ്ങളെ കൊന്നു. എന്നിട്ടും ആ മാന്യൻ വീണ്ടും അധികാരത്തിൽ വന്നു. മാനുഷിക മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സാമൂഹ്യ അസമത്വങ്ങൾക്കതിരെ ആ നാട്ടിൽ ആരും ശബ്ദക്കില്ല. ഭയം കൊണ്ടാണ് ശബ്ദിക്കാത്തത്. എന്തൊരു വികല വിചിത്ര ചിന്തയാണ് ആൺകുട്ടികൾ മതി പെൺകുട്ടികൾ വേണ്ട. ഇവർ ഏത് ലോകത്താണ് ജീവിക്കുന്നത്? ഗൾഫ് രാജ്യങ്ങളിൽ വിവാഹം കഴിക്കാനിരിക്കുന്ന പുരുഷന്മാർ പെൺകുട്ടിക്ക് സമ്പത്ത് കൊടുക്കാനില്ലാതെ വിവാഹം കഴിക്കാതെ നിൽക്കുന്നുണ്ട്. ഒരമ്മയുടെ ഉദരത്തിൽ നിന്ന് ജന്മമെടുത്ത പുരുഷൻ പറയുന്ന വാക്കുകൾ കേട്ടിട്ടും അവനെ തുറുങ്കിലടക്കാൻ കരുത്തില്ലാത്ത ഭരണാധിപന്മാർ. സ്ത്രീയുടെ മഹത്വം തിരിച്ചറിയാത്ത പുരുഷന്മാർ ഇന്ത്യയിൽ ധാരാളമുണ്ട്. കോടതികൾ പോലും നോക്കു കുത്തികളാകുന്നു. ആഫ്രിക്കൻ കാടുകളിലെ പുരുഷന്മാർപോലും ഇങ്ങനെ ചിന്തിക്കില്ല. മനുഷ്യവികാര ങ്ങളെ വൃണപ്പെടുത്തുന്ന ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടായാൽ ആ ഭരണാധിപൻ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കില്ല.

ബ്രിട്ടീഷുകാരെ എത്ര കുറ്റപ്പെടുത്തിയാലും അവർ ഇന്ത്യൻ സ്ത്രീകളുടെ രക്ഷകരായിരിന്നു. കേരളമടക്കം സ്ത്രീകൾക്ക് നേരെ നടന്ന ക്രൂരമായ ദുരാചാരങ്ങൾ അവർ അവസാനിപ്പിച്ചു. അവർ ഇന്ത്യയിൽ ഭരണം നടത്തിയതുകൊണ്ട് പാവങ്ങൾക്കും സ്ത്രീകൾക്കും സ്വാതന്ത്ര്യം കിട്ടി. അതൊന്നും ശശി തരൂരിനെപ്പോലുള്ളവർക്ക് മനസ്സിലാകില്ല.ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വില്യം ബെന്റിക് പ്രഭു ബംഗാളിയും സാമൂഹ്യ തിന്മകൾക്കെതിരെ പോരാടിയ രാജാറാം മോഹൻ റോയിയുടെ സഹായത്തോടെ സതി സമ്പ്രദായം നിർത്തൽ ചെയ്തു. കേരളത്തിൽ ജാതിമത കുപ്പായമിട്ട് വോട്ടുപിടിക്കാൻ പോകുമ്പോൾ കുളിച്ചു ശുദ്ധിവരുത്തി ജാതിമതമില്ലാതെ പോകാൻ ശ്രമിക്കണം. ജാതി മതങ്ങൾ മദമിളകിയ ആനയെപ്പോലെയാണ് അതിനെ തളക്കാൻ നമ്മൾ ആനക്കാരായി മാറണം. ഇല്ലെങ്കിൽ സമൂഹത്തിനവർ വിനാശകാരികളാണ്. മുന്നിൽ ചിരിച്ചുകൊണ്ട് മുഖസ്തുതി പറഞ്ഞു വന്നവർക്ക് നല്ല പാരിതോഷികം നൽകിയ തൃക്കാക്കരക്കാർ നല്ലൊരു പാഠമാണ് മലയാളിമക്കൾക്ക് നൽകിയത്. ഭാവിതലമുറയെ ജാതിമതത്തിന് വിഴുങ്ങാൻ മാതാപിതാക്കൾ വഴിയൊരുക്കരുത്. അവരുടെ ലക്ഷ്യം മതമൈത്രിയല്ല മതപ്രീണനമാണ്. ജാതിക്കോമരങ്ങളെ വേരോട് പിഴുതെറിഞ്ഞില്ലെങ്കിൽ അറിവില്ലാത്ത പാവങ്ങൾ അഗാധമായ അന്ധകാരത്തിലാണ്ടു പോകുമെന്നറിയുക………