രാജേഷ്‌ ജോസഫ്‌, ലെസ്റ്റെര്‍

പരിത്രാണായ സാധൂനാം
വിനാശായചഃ ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ…

പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ധാര്‍മികതയുടെ സംരക്ഷണ കവചങ്ങളാണ് മതങ്ങള്‍. മനുഷ്യനോളം നീളുന്ന ചരിത്രമുണ്ട് ഓരോ മതങ്ങള്‍ക്കും. കാലപ്രവാഹത്തില്‍ മനുഷ്യ ജീവിതങ്ങളിലേക്ക് മതങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരിക്കുന്നു. നന്മതിന്മകളെ വിവേചിച്ച ധാര്‍മികതയുടെ അളവുകോലായി ഏദന്‍തോട്ടത്തില്‍ തുടങ്ങി, പ്രവാചകന്‍മാരും പുരാണങ്ങളും രാജഭരണവും ആരാധനാലയങ്ങളും നവയുഗത്തിലെ പ്രഭാഷണങ്ങളും എല്ലാം നമ്മുടെയൊക്കെ ജീവനെയും ജീവിതങ്ങളെയും ധാര്‍മിക പാതയില്‍ വഴിനടത്താന്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആധുനിക ലോകം ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് യുക്തി അടിസ്ഥാനമാക്കിയപ്പോള്‍ ധാര്‍മികത മറയാക്കി മനുഷ്യര്‍ മദംപൊട്ടിയ മതങ്ങളെ വളര്‍ത്തിക്കൊണ്ടേയിരുന്നു. മൂല്യശോഷണം സംഭവിച്ചവര്‍ ധാര്‍മികത മറയാക്കി മതങ്ങളും മതപ്രവാചകന്‍മാരും എന്ന പേരില്‍ അധികാരത്തിന്റെയും ദുര്‍നടപ്പുകളുടെയും രാജകീയ സിംഹാസനങ്ങളില്‍ വാഴുന്നു. നിരന്തരം തങ്ങളുടെ അടിമകളെ സൃഷ്ടിക്കുന്നു. All religious leaders are not spiritual leaders എന്ന വാചകം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ശരിവെക്കുന്നതാണ് ആധുനികതയുടെ മതസംസ്‌കാരം. ജീവനില്ലാത്ത, പ്രകാശം നഷ്ടപ്പെട്ട, ചൈതന്യം കുടികൊള്ളാത്ത ആലയങ്ങളും അനുഷ്ഠാനങ്ങളും നവയുഗ ധാര്‍മികതയുടെ മൂര്‍ത്തീഭാവങ്ങളാണ്. മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും വ്യക്തി ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുന്നു. എന്ത് ധരിക്കാം, എന്ത് ഭക്ഷിക്കാം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീതി രഹിത സംസ്‌കാരത്തിന്റെ വക്താക്കളായി അനുദിനം മാറുന്നു.

ആത്മീയതയില്‍ ഊന്നിയ ധാര്‍മികതയും മതവിശ്വാസവുമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ആത്മീയതയുടെ അടിസ്ഥാനം നമ്മളുടെ ശൂന്യവല്‍ക്കരണമാണ്. സ്വയം ഇല്ലാതാകുന്നതാണ്. ശൂന്യനായി ദാസന്റെ രൂപം സ്വീകരിച്ച യേശുവും നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞ മറിയവും നിനക്കുവേണ്ടി ഞാന്‍ മരിക്കാം എന്നു പറഞ്ഞ മാക്‌സ്മില്യന്‍ കോള്‍ബയും അഹിംസയുടെ അവസാന വാക്കായ ബുദ്ധനും നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവുമെല്ലാം ആത്മീയ പ്രകാശം അതിന്റെ പൂര്‍ണ്ണതയില്‍ മാനവരാശിക്ക് പകര്‍ന്നവരാണ്.

ഒരാളെ അയാളുടെ കുറവുകളോടെ സ്വീകരിക്കുമ്പോള്‍, അംഗീകരിക്കുമ്പോള്‍ ആത്മീയത അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നു. സ്വയം ശൂന്യവല്‍ക്കരിക്കപ്പെടുന്ന നിയതിയില്‍ അലിഞ്ഞ് ഒന്നാകുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. നമുക്കു ചുറ്റും നമ്മുടെ അനുദിന ജീവിതങ്ങളില്‍ ആത്മീയ പ്രകാശ സാധ്യതകള്‍ നിരവധിയുണ്ട്. ജീവിതപങ്കാളിയില്‍, കുട്ടികളില്‍, തൊഴില്‍മേഖലകളില്‍, സുഹൃദ്ബന്ധങ്ങളില്‍ പ്രകാശം പരത്തുന്നവരാകാം. നമ്മുടെ പാരമ്പര്യങ്ങളോ നമ്മള്‍ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളോ സമ്പത്തോ സൗഭാഗ്യങ്ങളോ ഒന്നിനും നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനം. അവനവന്റെ ഉള്ളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ആത്മീയതയുടെ അടിസ്ഥാനം. അപ്പോള്‍ കുടുംബങ്ങള്‍ കുര്‍ബാനയാകും. നിസ്‌കാരങ്ങള്‍ നിയതിയാകും. പ്രാര്‍ത്ഥനകള്‍ പരിമളം പരത്തും. കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ അവര്‍ പറയും അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതം തന്നെയായിരുന്നു സന്ദേശം.