വിശാഖ് എസ് രാജ്
വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവർ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങൾ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണമെന്ന ‘നൂതന’മായ ആശയവും അവർ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകൾ നല്ലതാവണമെന്ന ബോധ്യം ചിലർക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.
പ്രതിദിനം 98 ബൈക്ക് യാത്രികർ ഹെൽമറ്റ് ഉപയോഗിക്കാത്തതിനാൽ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ ജീവൻ വെടിയുന്നവർ പ്രതിദിനം 79 പേർ.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച് അപകടമുണ്ടായവർ ഒൻപത് പേർ.ജീവൻ നഷ്ടമായരുടെ കണക്കുകൾ ആണിത്.ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവർ ഈ കണക്കുകളിലും മുകളിൽ ആയിരിക്കും.
ബോധവൽക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാർ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാൻ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാൽ കുറ്റത്തിൽ നിന്ന് ഒഴിവാകുമെങ്കിൽ ആ കുറ്റം തുടർന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെൽമറ്റ് വെയ്ക്കാതെ/ലൈസെൻസ് ഇല്ലാതെ വണ്ടി ഓടിക്കാൻ മടി കാണിച്ച പരിചയക്കാർ നമ്മുക്കിടയിൽ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയർന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിർക്കുമ്പോൾ ജനങ്ങളുടെ കുറ്റം ചെയ്യാൻ ഉള്ള വാസനയെ അയാൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകൾ ആണ്.ദിവസം 98 ജീവനുകൾ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങൾക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല.അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങൾ ചെല്ലുമ്പോൾ ഇത്തരം നിയമങ്ങൾ കണ്ടാൽ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടിൽ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.
റോഡുകൾ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാൻ എന്ന സന്ദേശമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണാം. നല്ല റോഡുകൾ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സർക്കാരിനെയും പാർട്ടിയെയും ട്രോളുന്നതിൽ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാൽ ഉടനെ വാഹന നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോൾ പിടിക്കപ്പെടുന്ന നിയമലംഘനങ്ങൾ നല്ല റോഡുകൾ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങൾ ആണോ?. അതോ മോശപ്പെട്ട റോഡുകളിൽ മാത്രം ആണോ ആളുകൾ ഹെൽമറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡിൽ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോൾ ഹെൽമറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. x-നോട് നന്നാവാൻ പറയുമ്പോൾ Y നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകർന്ന് റോഡുകളോടുള്ള ഈ സ്നേഹം. മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടിൽ ഇപ്പോൾ ഒട്ടും ഇല്ലാത്തതാണെങ്കിൽ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കിൽ തടയാൻ ആർജവം ഉള്ള ഭരണം സംവിധാന വേണം. റോഡിൽ മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നിൽക്കട്ടെ ,പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.
വിശാഖ് എസ് രാജ്, മുണ്ടക്കയം
Leave a Reply