കാരൂർ സോമൻ

പ്രവാസി മലയാളിയുടെ പ്രശ്നപരിഹാര വേദിയായ ലോക കേരള സഭ തിരുവന്തപുരത്തു് സമാപിച്ചു. ഈ അടുത്ത ദിവസങ്ങളിൽ ലോക കേരള സഭയെ ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. പ്രവാസിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ. കേന്ദ്ര മന്ത്രി പറയുന്നു. ഇത് ഭൂലോക തട്ടിപ്പ്, പ്രതിപക്ഷം പറയുന്നു ധൂർത്തും അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം. കേരള സർക്കാർ പറയുന്നു നാടിന്റ വികസനം, പ്രവാസികളെ ഒരു കുടകിഴിൽ കൊണ്ടുവരണം. ഇതിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? കേരള സ്പീക്കർ പറയുന്നത് എട്ടര കോടി ഇതിനായി ചിലവഴിച്ചു അല്ലാതെ ഇരുപത് കോടിയോന്നുമല്ല. സ്‌പീക്കർ പറയുന്നത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അഥവ ധൂർത്തും അഴിമതിയും നടന്നെങ്കിൽ അത് പുറത്തു വരട്ടെ. ഇതിലെ പ്രധാന സംശയം. പ്രവാസികളെ ഒരു കുട കിഴിൽ എന്ന് പറയുമ്പോൾ ആ കുടക്ക് കൊടിയുടെ നിറം വല്ലതുമുണ്ടോ? അധികാരം കിട്ടിയാൽ ഏത് രാഷ്ട്രീയ പാർട്ടിയാണ് പണം ധൂർത്തടിക്കാത്തത്? അഞ്ചു വർഷങ്ങൾകൊണ്ട് അടുക്കളപെണ്ണിനും അഴക് വര്ധിപ്പിക്കുന്ന പാർട്ടികളെയല്ലേ നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിന്റ സമ്പദ് സമൃദ്ധിയിൽ അരങ്ങേറിയ ഈ മഹോത്സവ൦ കണ്ട് വന്നവരൊക്ക അത്യധികം ആഹ്ളാദിച്ചു. പ്രതിപക്ഷം പറയുന്നത് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാവപെട്ടവന്റ് പണം ധൂർത്തടിച്ചുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവാസി പ്രജകളുടെ ഭക്തിപൂർണ്ണമായ ഈ വരവേൽപ്പ്. കേരളത്തിലെത്തുന്ന ഉദാരമതികളായ സമ്പത്തുള്ളവരെ മാറോടണച്ചു് മന്ദഹാസം പൊഴിക്കുമ്പോൾ ഈ പ്രവാസിക്ക് മുന്നോട്ട് വെക്കാനുള്ള ഒരു നിർദ്ദേശo. ലോക കേരള സഭ ചിലവ് പാവം മലയാളിയുടെ തലയിൽ കെട്ടിവെക്കാതെ അതിൽ വന്ന കോടിശ്വരന്മാരുടെ ജീവകാരുണ്യ സംഭാവനയായി വാങ്ങി ഈ ലോകാപവാദത്തിന്റ ചൂടൊന്നു തണുപ്പിച്ചുകൂടെ?

അടിസ്ഥാനവർഗ്ഗത്തെ മറന്നുകൊണ്ടുള്ള ഈ മഹാ സഭ കണ്ട് ഒരു പറ്റം പ്രവാസികളുടെ മനസ്സ് വിങ്ങുന്നു. ഇപ്പോഴും പല നിരപരാധികൾ ജയിലിലാണ്, ആരും തിരിഞ്ഞു നോക്കുന്നില്ല. മറ്റ് ചിലർക്ക് നിയമ പരിരക്ഷ കൊടുക്കാൻ പോലും ആരും വരുന്നില്ല. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ, വരണ്ട മരുഭൂമിയിൽ തൊണ്ട വരണ്ടു കഴിയുന്ന പാവങ്ങൾ, കുട്ടികളെ പഠിപ്പിക്കാൻ നിവർത്തിയില്ലാതെ ഞെരിപിരികൊള്ളുന്നവർ, റിക്രൂട്ട്മെന്റ് ഏജൻസികളാൽ വഞ്ചിക്കപ്പെട്ടവർ, തൊഴിൽ രംഗത്ത് ചൂഷണത്തിന് കിഴ്പ്പെടുന്നവർ, വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും വിദേശത്തു പോകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, വിമാനക്കമ്പനികളുടെ ആകാശ കൊള്ള, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, എംബസികൾ റബർ സ്റ്റാമ്പാടിച്ചു വൻ ഫീസ് ഈടാക്കുന്നത്, സ്കൂളുകളിലെ കുട്ടികളിൽ നിന്നും ഈടാക്കുന്ന വൻ ഫീസ്, ആരോഗ്യ രംഗത്ത് പാവപ്പെട്ട പ്രവാസി നേരിടുന്ന പ്രശനങ്ങൾ, നോർക്കയുടെ സമീപന രീതികൾ, അവർ വഴി എത്ര തൊഴിലാളികൾ വിദേശത്തുപോയി ഇങ്ങനെ ആഴത്തിൽ മുറിവേറ്റ ഭാഗങ്ങൾ ചികിൽസിച്ചു സുഖപ്പെടുത്താനാണ് ലോകമലയാളികളുടെ മുന്നിൽ നിഴൽവിളക്കുപോലെ പ്രകാശിക്കുന്നവരെത്തിയത്. അല്ലാതെ ആനന്ദസാഗരത്തിൽ മുങ്ങി കുളിക്കാനല്ല. സംഗമത്തിന്റ മൂന്നാം ദിനം അവർ ബഹുദൂരം സഞ്ചരിച്ചതായി പറയുന്നു. മരുപ്പച്ചയിലവർ വിത്ത് വിതച്ചു. വളമിട്ട് മൂന്ന് ദിവസങ്ങൾ വെള്ളമൊഴിച്ചു. ഇനിയും വളർച്ചയുടെ കാലമാണ്. അടുത്ത വര്ഷം വിളവെടുപ്പ് വരും. അതിൽ നിന്ന് കിട്ടുന്നത് മധുരിക്കുമോ എന്നത് കാത്തിരുന്നു കാണാം.

കഴിഞ്ഞ ലോക കേരള സഭയിൽ കേട്ടത് പ്രവാസികളുടെ അടിസ്ഥാന 40 വിഷയങ്ങൾ അവതരിപ്പിച്ചു. വിരലിൽ എണ്ണാൻ ചിലത് നടപ്പാക്കിയെന്ന് കേട്ടു. 47 രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് തൃപ്തികരമായ ഒരു വിശദികരണം പേപ്പറിൽ എഴുതി കൊടുക്കാൻ, മാധ്യമങ്ങൾക്ക് കൊടുക്കാൻ ഈ മഹാ സഭക്ക് സാധിച്ചിരുന്നെങ്കിൽ ജനഹ്ര്യദയങ്ങളിൽ ആശങ്ക വളരില്ലായിരുന്നു. ഇതൊക്കെ കിട്ടാത്തതുകൊണ്ടാണ് കിളികളെപോലെ പലരും ലോകത്തിന്റ പല ഭാഗത്തുള്ള മരങ്ങളിലിരുന്ന് ചിലക്കുന്നത്. എന്തിനും ഏതിനും ഒരു വരവ് ചിലവുണ്ട്. ഏതു പ്രസ്ഥാനത്തിനും ഒരു കണക്കപിള്ള കാണു൦. ഇതിന്റ കണക്കപിള്ള അതൊന്നും കൊടുക്കാതെ വീട്ടിൽ വറുക്കലും പൊരിക്കലുമായി സമയം തള്ളിവിട്ടതാണോ ഇങ്ങനെ ഒരു പേരുദോഷത്തിന് കാരണമായത്? ഈ കണക്കപിള്ള കണക്കിൽ വല്ല തിരിമറി നടത്തിയോ? ഈ ധൂർത്തിന്റ കരച്ചിലും പിഴിച്ചിലും പല കോണുകളിൽ നിന്നുമുയരുന്നുണ്ട്. മംഗളദീപമെരിയുന്ന വിശാലമായ ആഡംബര ഗോപുരം കണ്ടപ്പോൾ അതിരറ്റ ആനന്ദമൊന്നും എല്ലാം പ്രവാസികൾക്കുമുണ്ടായില്ല. അതിന്റ പ്രധാന കാരണം പ്രളയത്തിൽ ദുഃഖദുരിതമനുഭവിക്കുന്നവരുടെ നെടുവീർപ്പുകൾ കാണാതെ ഇങ്ങനെ ഒരു മാമാങ്കം എന്തിന്? ചില മനുഷ്യരെപ്പോലെ തരാതരത്തിനു നിന്ന് തള്ളി പറയാൻ, തട്ടിപ്പറിക്കാൻ, പൊട്ടിത്തെറിക്കാൻ, സ്വന്തം കീശ വീർപ്പിക്കാൻ ഇങ്ങനെ എത്രയോ മേളകൾ മലയാളി മക്കൾ കണ്ടിരിക്കുന്നു. ആ രഹസ്യ അജണ്ടയിൽ വോട്ടു മാത്രമല്ല സമ്പത്തും, അധികാരവുമാണ് പ്രധാനം.

നമ്മുടെ സമുദായ നേതാക്കന്മാരുമായുള്ള രഹസ്യ അജണ്ട ഇന്ന് നാട്ടിൽ പാട്ടാണ്. അധികാരമുണ്ടെങ്കിൽ സത്യം അസത്യമാകും. കൊലയാളി നിരപരാധിയാകും. അതാണ് നമ്മുടെ ജനാധിപത്യം. കള്ളപണമുണ്ടാക്കുന്നവർ വാരിക്കോരി കൊടുക്കും. അധികാരമില്ലെങ്കിൽ സമ്പത്തുണ്ടാകില്ല. പാവം പ്രവാസികളെയോർത്തു് സങ്കടപെടുന്നവരാണ് നമ്മുടെ ഭരണാധിപന്മാർ. 1960 മുതൽ അവർ സങ്കടം പങ്കുവെക്കുന്നു. 2020 ൽ പരസ്പരം സങ്കടപ്പെടാൻ പരിഹാരം കാണാൻ ഒരു വേദിയുണ്ടായിരിക്കുന്നു. തല്ലുകൊള്ളാൻ ചെണ്ട അല്ലെങ്കിൽ വിയർപ്പൊഴുക്കുന്നവർ, പണം വാങ്ങാൻ മാരാർ എന്നു പറഞ്ഞാൽ സമ്പന്നർ. പ്രവാസികൾക്കായി നല്ല വിത്താണ് വിതച്ചിരിക്കുന്നത്. നല്ല ഫലം തരാതിരിക്കില്ല. എല്ലാ വർഷവും അധികാരികളുടെ, സമ്പന്നരുടെ മുന്നിൽ തൊഴും കയ്യുമായി തണുവണങ്ങി പുഞ്ചിരി തൂകി ഒരു വഴിപാടുപോലെ ആരാധന നടത്തി പോകാൻ ഇടവരാതിരിക്കട്ടെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രവാസികളെപ്പറ്റി പറയുമ്പോൾ വിങ്ങുന്ന, വേദനിക്കുന്ന മറ്റൊരു കൂട്ടർ വിദേശ രാജ്യങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴിൽ കൊടുക്കാതെ വന്നപ്പോൾ പട്ടിണി മാറ്റാൻ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് വിദേശത്ത്‌ പൗരത്വം നേടിയവർ. പൗരത്വം കിട്ടിയതുകൊണ്ട് ഈ സഭയിൽ നിന്ന് പുറത്താകുമോ? തൊഴിൽ കൊടുക്കാതെ പുറത്താക്കി. ഇപ്പോൾ ഇതിൽ നിന്നും പുറത്താക്കിയിരിക്കുന്നു. അവർക്കും കൊടിയുടെ നിറം വേണമോ? കേരളത്തിന് പ്രളയംപോലുള്ള വിപത്തുണ്ടായപ്പോൾ മാത്രമല്ല എല്ലാം രംഗത്തും കടന്നു വരുന്നവരാണ് വിദേശ മലയാളി പൗരൻമാർ. അവരുടെ തായ് വേര് കേരളത്തിലാണ്. അഴക് വിരിച്ചു നിൽക്കുന്ന ഇന്നത്തെ കേരളത്തിന് ശ്രെഷ്ടമായ സംഭാവനകൾ ചെയ്തവരെ കേവലമായ വോട്ട് ബാങ്ക് നോക്കി അകറ്റിനിർത്തുന്നത് വെറും കമ്പോള അധികാര രാഷ്ട്രീയമല്ലേ? ഭൂതകാലത്തെപോലെ ഭാവികലത്തിന്റ വിധി നിർണ്ണയത്തിൽ അവരും പങ്കാളികൾ ആകേണ്ടതല്ലേ? അത് വോട്ടു ബാങ്ക് നിർണ്ണയമെങ്കിൽ അവർ ശ്രമിച്ചാലും കുറെ വോട്ടുകൾ മാറിമറിയും. അവരുടെ ബന്ധുമിത്രാദികൾ, സുകൃത്തുക്കൾ ധാരാളം കേരളത്തിലുണ്ട്. പലരും വീടുകൾക്കും, വസ്തുവകകൾക്കും നികുതി കൊടുക്കുന്നവരാണ്. വിദേശ രാജ്യങ്ങളിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ മഹാ സഭ എന്ത് തീരുമാനമാണ് കൈകൊണ്ടത്?. അവർക്ക് കേരളത്തിൽ വോട്ടില്ല എന്നതുകൊണ്ട് തള്ളിക്കളയാവുന്നതാണോ അവരുടെ പ്രശ്നങ്ങൾ? ഇവരും ഇന്ത്യൻ എംബസ്സിയിൽ പല ആവശ്യങ്ങൾക്കായി പോകാറുണ്ട്. ചില രേഖകൾക്ക് ഇന്ത്യൻ എംബസ്സി സ്റ്റാമ്പ് ആവശ്യമാണ്. വിമാന കമ്പനിക്കാരെപോലെ കാറ്റുള്ളപ്പോൾ തൂറ്റണമെന്നാണ് എംബസ്സികളുടെ നയം. ഒരു പേപ്പറിൽ സ്റ്റാമ്പ് അടിക്കുന്നതിന് സാരമായ ഒരു തുക വാങ്ങാതെ വൻ തുക വാങ്ങുന്ന വിയർക്കുന്ന വർഗ്ഗം. ഈ ലോകത്തെ വാർത്തെടുത്തത് തൊഴിലാളികളാണ് അവരുടെ പേരിൽ പലരും മുതലാളിമാരായി മാറിയിട്ടുണ്ട്. വിദേശ പൗരത്വം ലഭിച്ചവർ പ്രവാസലോകത്തും കേരളത്തിലും ചൂക്ഷണം നേരിടുന്നത് ഈ മഹാ സഭ അല്ലെങ്കിൽ നോർക്ക വകുപ്പ് കാണാറുണ്ടോ? ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന സ്രാവുകൾ വേദികൾ പങ്കിടുമ്പോൾ ഈ പരൽ മീനുകൾക്ക് ഈ വേദിയിൽ എന്ത് കാര്യമെന്ന് വിവേകശാലികൾക്ക് ചിന്തിക്കാൻ പറ്റുമോ? കേരളത്തിന്റ കൂടെപ്പിറപ്പായി ഒപ്പം നിന്നവരെ ഇങ്ങനെ തള്ളിക്കളയുരുത്. അവർ ഒഴുക്കിയ വിയർപ്പും കണ്ണുനീരും കണ്ണുതുറന്ന് കണ്ടിരുന്നെങ്കിൽ അവരും ഈ വേദിയിൽ കാണുമായിരിന്നു.

കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഗൾഫിലേക്കും കുടിയേറ്റം തുടങ്ങുന്നത് 1960 മുതലാണ്. പ്രവാസിയുടെ സമ്പത്ത് 2017/ 2018 ൽ 2 ലക്ഷം കോടിയിൽ കൂടുതൽ എന്നാണ് കണക്കന്മാർ പറയുന്നത്. എന്നാൽ എത്ര മലയാളികൾ ഏതെല്ലാം രാജ്യങ്ങളിലുണ്ട് എന്നതിന് കൃത്യമായ ഒരു കണക്കില്ല. ഈ മഹാസഭയിൽ ഇത് ആരെങ്കിലും ചോദിച്ചു് ഒരുത്തരം കണ്ടെത്തിയോ? നീണ്ട വർഷങ്ങൾ കേരളത്തിൻറെ വളർച്ചക്കായി രാപകൽ അധ്വാനിച്ച വിദേശ മലയാളി പൗരന്മാരുടെ സമ്പത്തിന്റ കണക്ക് വോട്ടു ബാങ്ക് രാഷ്ട്രീയം എത്ര വേഗത്തിലാണ് മറക്കുന്നത്. അവർ വിദേശത്തു വിത്തിറക്കി സമ്പത്തു കൊടുത്തപ്പോൾ പഞ്ചസാര പായസമായിരിന്നു. ഇപ്പോൾ ഒരു വിത്തിൽ പല വിത്ത് വിളയിക്കുന്നവർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമാകട്ടെ, മാലോകരാറിയാത്ത വിദേശത്തുള്ള കുട്ടുകച്ചവടമാകട്ടെ, കള്ള പണം വെളുപ്പിക്കലാകട്ടെ, അനധികൃത സ്വത്തു് സമ്പാദ്യമാകട്ടെ ഇപ്പോൾ വിളവൊന്നും എടുക്കാനില്ലെന്ന് കണ്ട് അവരെ കറിവേപ്പിലപോലെ തള്ളിക്കളയുന്നു. ഇതും ഒറ്റപെടുത്തലിന്റെ, വേർതിരിക്കുന്നതിന്റ രാഷ്ട്രീയമാണ്. എല്ലാവരോടും തുല്യ നീതി പുലർത്താത്ത രാഷ്ട്രീയം ഫാസിസമാണ്.

സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പ്രവാസികൾക്കും സംശങ്ങൾ ഏറെയാണ്. ഇതിൽ പങ്കെടുത്തവർ ആരുടെ പ്രതിനിധിയാണ്? ഇതിലെ അംഗങ്ങൾ ഓരോ രാജ്യങ്ങളെ പ്രനിധികരിക്കുന്നുവെന്ന് കേട്ടപ്പോൾ കണ്ണില്ലാത്തവന് എന്തിന് കണ്ണാടി എന്നൊക്കെ പലർക്കും തോന്നുന്നു. മൂന്നാം ലോക മലയാള സഭയിലേക്ക് കാഴ്ച്ചക്കാരായിട്ടെങ്കിലും പ്രവാസികളെ സ്വാഗതം ചെയ്താൽ കയ്യടിക്കാൻ ആൾക്കാരെ കിട്ടും. പാവം പ്രവാസികളും കേരളത്തിലെ പാവം മലയാളികളും എന്തിനും കാഴ്ചക്കാർ ആണല്ലോ. പീഡനങ്ങൾ ഏറ്റുവാങ്ങാൻ, കയ്യടിക്കാൻ, വിയർപ്പൊഴുക്കാൻ, പോലീസിന്റ തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവർ. ഇതിൽ പങ്കെടുത്തവർ ആരാണ്? ആരുടെ പ്രതിനിധിയാണ്, ഇവരുടെ യോഗ്യതകൾ, അവരുടെ സാമുഹ്യ സംഭാവനകൾ എന്തൊക്കെ എന്നത് നോർക്ക വഴി വെളിപ്പെടുത്തുമോ? ബ്രിട്ടനിൽ ചെറുതും വലുതുമായ ധാരാളം സംഘടനകളുണ്ട്. സംഘടനകളെ പ്രതിനിധികരിച്ചാണ് വന്നതെങ്കിൽ യൂറോപ്പിലെ മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സംഘടനയായ യൂക് മയിൽ നിന്ന് ആരാണ് വന്നത്? ബ്രിട്ടനിലെ പ്രമുഖ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യ വേദി, ലണ്ടൻ മലയാളി കൌൺസിൽ അങ്ങനെ ധാരാളം കലാസാംസ്കാരിക-ജീവ കാരുണ്യ സംഘടനകളുണ്ട്. ഇതിൽ നിന്ന് ആരൊക്കെ വന്നു? അതുപോലെ ബ്രിട്ടനിൽ നിന്നുള്ള ജീവ കാരുണ്യ മേഖല, കലാ സാഹിത്യകാരൻന്മാർ, മെഡിക്കൽ രംഗത്ത് നിന്നുള്ളവർ, വ്യവസായികൾ, ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവർ, മാധ്യമ രംഗത്ത് നിന്നുള്ളവർ എത്രയെന്ന് ഇവിടുത്തെ പ്രമുഖ ഓൺലൈൻ വഴിയെങ്കിലും ഒന്നു വെളിപ്പെടുത്താനുള്ള ആർജ്ജവമുണ്ടോ?

ഏത് പാർട്ടിയായാലും കൊടിയുടെ നിറ൦ നോക്കി കേരളത്തിൽ എഴുത്തുകാരെ വേർതിരിക്കുന്നതുപോലെ വിദേശ രാജ്യങ്ങളിലും കോടിയുടെ നിറം നോക്കി ആ വേർതിരിവ് പലതിലും നടപ്പാക്കാറുണ്ട്. പഴയെ ജന്മി കുടിയൻ വ്യവസ്ഥിതി. ഇവിടെ ജന്മിയായി വരുന്നത് കൊടിയുടെ നിറമുള്ളവരാണ്. ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ പടപൊരുതിയവരുടെ അനന്തരാവകാശികൾ. അധികാരം കിട്ടിയാൽ മാതൃ ഭാഷയിൽ പോലും വെറുപ്പിന്റ രാഷ്ട്രീയമാണ് വളർത്തുന്നത്. ഇത് എന്ത് ജനാധിപത്യബോധമാണ്? ലോക കേരള സഭ പ്രവാസിക്ക് സുരക്ഷിതമായ ഒരു താവളമാകണം. അത് ലോകവീക്ഷണമുള്ള ഒരു വേദിയാക്കണം അല്ലാതെ അവസരവാദ രാഷ്ട്രീയ വേദിയായി മാറ്റരുത്. ഏത് പാർട്ടിയായാലും പ്രവാസി നേരിടുന്ന പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രവാസിയുടെ സുരക്ഷിതത്വം എല്ലാം പാർട്ടിക്കാരും എല്ലാം രംഗത്തുനിന്നുള്ളവരും ഒന്നായി നിന്ന് നേരിടുകയാണ് വേണ്ടത്. ഏത് വിശ്വാസ ആശയത്തിൽ അടിയുറച്ചവരായാലും പ്രവാസികളിൽ സ്വീകാര്യത വളർത്തുന്നത് എല്ലാവരും ഒന്നായി നിന്ന് പുരോഗമന ആശയങ്ങൾ പ്രവാസികൾക്കായി പങ്കുവെക്കുമ്പോഴാണ്. അതിലുപരി എതിർപ്പിന്റ, വെറുപ്പിന്റ ശബ്‌ദം. കൊടിയുടെ നിറം നോക്കി എതിരാളികളെ നിശബ്തരാക്കുന്നത്,അടിച്ചമർത്തുന്നത് ക്രൂരതയാണ്.

പ്രവാസികൾക്ക് സംഗമിക്കാൻ. ഐക്യബോധം വളർത്താൻ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വേദി ഇന്നും എപ്പോഴും അതിന് ചുക്കാൻ പിടിച്ച സർക്കാരും നല്ലതാണ്. അതിന് ആരും എതിരല്ല. അവിടെ സങ്കുചിത താല്പര്യങ്ങൾ, കൊടിയുടെ നിറം കടന്നുവരുമ്പോഴാണ് മനുഷ്യരിൽ വെറുപ്പിന്റ രാഷ്ട്രീയം വളരുന്നത്. പ്രതിപക്ഷം പറയുന്ന ധൂര്ത്തു് സത്യമല്ലെന്ന് സ്ഥാപിക്കാൻ സർക്കാർ ഇതിന്റ കണക്കുകൾ പുറത്തുവിടുകയാണ് വേണ്ടത്. പ്രവാസികളിലെ ഐക്യബോധം, പരസ്‌പര സഹകരണം, സ്‌നേഹം, ഭാഷയോടുള്ള കടപ്പാട് മതരാഷ്ട്രീയത്തെക്കാൾ ഏറ്റവും മൂല്യവത്തായി കാണുന്നവരാണ്. ലോക മലയാള സംഗമവേദി ആരിലും അസ്വസ്ഥത വളർത്താതെ പ്രവാസികളെ പുതുക്കിപ്പണിയാനുള്ള ഒരു വേദിയായി മാറട്ടെ.