ആരോഗ്യമേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ചികിത്സ ലഭ്യമാക്കേണ്ട രീതിയെക്കുറിച്ചും രോഗത്തിന്റെ തീവ്രതയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ഈ സാങ്കേതികതയ്ക്ക് കഴിയും. രോഗങ്ങള്‍ കണ്ടെത്തുന്നതില്‍ കൃത്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന മാനുഷികമായ തെറ്റുകളില്‍ നിന്ന് രോഗികള്‍ക്ക് മോചനം ലഭിക്കും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂര്‍ഫീല്‍ഡ് ഹോസ്പിറ്റലും ഗൂഗിള്‍ കമ്പനിയായ ഡീപ്‌മൈന്‍ഡും സംയുക്തമായ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീനുകള്‍ക്ക് വളരെ സങ്കീര്‍ണമായ 50 ഓളം നേത്ര രോഗങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. നേത്ര സംബന്ധിയായ രോഗങ്ങളെ കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിയുടെ കാഴ്ച്ചവരെ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നു. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ മെഷീനുകള്‍ക്ക് സാധിക്കും. രോഗികളില്‍ ആര്‍ക്കാണ് അടിയന്തരമായി ചികിത്സ നല്‍കേണ്ടതെന്ന് മനസിലാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മൂര്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഹൈ റെസല്യൂഷന്‍ 3D സ്‌കാനുകള്‍ ഉപയോഗപ്പെടുത്തി കണ്ണിന്റെ ആന്തരിക പ്രതലങ്ങളെ നിരീക്ഷിക്കുന്ന മെഷീനാണ് ഡീപ്‌മൈന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കണ്ണിന്റെ ചെറിയ അസ്വഭാവിക വ്യതിയാനങ്ങളെപ്പോലും മനസിലാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ഉപകരമാണ്. ആയിരക്കണക്കിന് സ്‌കാനുള്‍ ഉപയോഗപ്പെടുത്തിയും പഠന വിധേയമാക്കിയുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. സാധാരണ നേത്ര ടെസ്റ്റുകള്‍ ചെയ്യുന്ന ഉപകരണങ്ങളെക്കാളും കാര്യക്ഷമത ഇതിനുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.
Leave a Reply