ലണ്ടന്‍: സാധാരണയായി പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് ആയൂര്‍ ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് പലര്‍ക്കും കേട്ടറിവ്. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും പച്ചക്കറിയില്‍ നിന്ന് ലഭിക്കുന്നുവെന്നും നാം കരുതുന്നു. ബ്രിട്ടണ്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങി ഇന്ത്യയിലും മറ്റു നിരവധി രാജ്യങ്ങളിലും സസ്യാഹാരികളായ നിരവധി സമൂഹം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ആയൂര്‍ദൈര്‍ഘ്യവും രോഗമില്ലായ്മയുമാണ് പ്രധാനമായും സസ്യാഹാരികളാവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ നാം കരുതുന്നത് പോലെയല്ലെന്നാണ് യു.കെയില്‍ ജോലിയെടുക്കുന്ന പ്രമുഖ എന്‍.എച്ച്.എസ് കാര്‍ഡിയോളജിസ്റ്റ് ഡോ. അസീം മല്‍ഹോത്രയുടെ വാദം. തന്റെ അമ്മയുടെ അകാല മരണത്തിന് കാരണം സസ്യാഹാരം മാത്രമായി ഡയറ്റിനെ ചുരുക്കിയതിനാലെന്ന് ഡോ. മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു.

അമ്മയുടെ മരണത്തില്‍ ആഹാരക്രമീകരണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ശരീരത്തില്‍ അത്യാവശ്യമായിരുന്ന പ്രോട്ടീനുകള്‍ ലഭിക്കാതിരുന്നതാണ് അമ്മയെ രോഗത്തിലേക്ക് തള്ളിവിട്ടതും അത് പിന്നീട് മരണമായി മാറുകയും ചെയ്തതെന്നും ഡോ. മല്‍ഹോത്ര പറയുന്നു. വളരെ സീരിയസായി സ്‌പൈനല്‍ പ്രശ്‌നങ്ങള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സെപ്‌സിസ് പിടിപ്പെട്ടു. ഇന്‍ഫെക്ഷന്‍ അമ്മയെ മരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. മരണത്തിലേക്ക് നയിച്ചതിന്റെ മൂലകാരണമായി എനിക്ക് തോന്നിയത് അവശ്യ പ്രോട്ടീനുകളുടെ കാര്യമായ കുറവാണ്. പ്രോട്ടീനുകളുടെ കുറവ് മനുഷ്യശരീരത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. മല്‍ഹോത്രയുടെ മാതാവ് അനിഷ മാഞ്ചസ്റ്ററില്‍ ജോലിയെടുത്തിരുന്ന ഒരു ജി.പി കൂടിയായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 68-ാമത്തെ വയസിലാണ് അനിഷ മരണപ്പെടുന്നത്. അനിഷ അമിത ഭാരം വെക്കുന്നതിനും ആരോഗ്യ പൂര്‍ണമായും നശിക്കുന്നതിനും കാരണമായി മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം ‘അള്‍ട്രാ പ്രോസസ്ഡ് ജങ്ക്’ ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. ഇവയില്‍ മീറ്റ് അടങ്ങിയിട്ടില്ലാത്തതിനാല്‍ വിറ്റാമിന്റെയും പ്രോട്ടീനിന്റെയും കുറവുണ്ടായെന്നും മല്‍ഹോത്ര വ്യക്തമാക്കുന്നു. അമ്മയുടെ മസിലുകളുടെ ശേഷിക്കുറവിലേക്ക് നയിച്ചതും വെജിറ്റേറിനസമാണെന്ന് മല്‍ഹോത്ര പറഞ്ഞു. ബ്രിട്ടനില്‍ സമീപകാലത്ത് നിരവധി പേരാണ് വെജിറ്റേറിനസത്തിലേക്ക് ആകൃഷ്ടരാവുന്നത്. പൂര്‍ണമായും സസ്യാഹാരികളാകുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോ. മല്‍ഹോത്ര നല്‍കുന്ന നിര്‍ദേശം.