ലഹരിമരുന്നു കേസിൽ പിടിയിലായ ആര്യൻ ഖാന് ജാമ്യം. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അർബാസ് െമർച്ചന്റ്, മുൺ ധമേച്ഛ എന്നിവർക്കും ജാമ്യം അനുവദിച്ചത്. അതേസമയം ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങൾ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂർത്തിയാകുകയുള്ളു എന്നതിനാൽ അതുവരെ ആര്യന് ജയിലിൽ തന്നെ തുടരേണ്ടതായി വരും.
ഈ മാസം എട്ടു മുതൽ ആര്യനും സംഘവും മുംബൈ ആർതർ റോഡ് ജയിലിലാണ്. ഇതിനുമുൻപ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേൾക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നൽകിയത്.
മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി കോടതിയിൽ ഹാജരായത്. ഒന്നു മുതൽ 12 വരെ ദീപാവലി അവധിയും 13,14 ദിവസങ്ങൾ ശനിയും ഞായറുമായതിനാൽ വെള്ളിയാഴ്ചയ്ക്കകം ജാമ്യം ലഭിച്ചില്ലെങ്കിൽ അടുത്ത മാസം 15 വരെ ആര്യൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവായത്. ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് കോടതിയുടെ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും.
തന്റെ വാട്സാപ് ചാറ്റുകൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ജാമ്യാപേക്ഷയിൽ ആര്യൻ കോടതിയെ അറിയിച്ചിരുന്നു. വ്യക്തമായ തെളിവുകളില്ലാതെയാണ് ആര്യന്റെ അറസ്റ്റെന്ന് അഭിഭാഷകൻ റോഹത്ഗി ബുധനാഴ്ച കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ആര്യന്റെ പക്കലിൽനിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് അറസ്റ്റും ജാമ്യം നിഷേധിക്കലും. അറസ്റ്റു ചെയ്യപ്പെട്ട ഒരു വ്യക്തിയെ അറസ്റ്റിന്റെ കാരണം അറിയിക്കാതെ തടവിലിടാൻ കഴിയില്ല, അത്തരക്കാർക്ക് ഇഷ്ടമുള്ള ഒരു അഭിഭാഷകനെ സമീപിക്കാൻ അവകാശമുണ്ടെന്നും മുകുൾ റോഹത്ഗി കോടതിയോടു പറഞ്ഞു.
ചില കേസുകളിൽ അറസ്റ്റിനും തടങ്കലിനും എതിരെയുള്ള സംരക്ഷണം സംബന്ധിച്ച ഭരണഘടനയുടെ ആർട്ടിക്കിൾ 22 ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാദം. സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായത്. ഈ മാസം 3ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെയാണ് എൻസിബി ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.
അതിനിടെ, തനിക്കെതിരായി ഉയർന്ന സാമ്പത്തിക കുറ്റാരോപണത്തിൽ സിബിഐ അന്വേഷണം തേടി എൻസിബി മുംബൈ സോണൽ ഓഫിസർ സമീർ വാങ്കഡെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. സാമ്പത്തിക ആരോപണം ഉയർത്തി മഹാരാഷ്ട്ര പൊലീസ് എടുത്ത കേസിൽ അറസ്റ്റ് തടയണമെന്നും സമീർ ഈ ഹർജിയിൽ ആവശ്യപ്പെട്ടു.
Leave a Reply