പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ആസ്ഡയും മോറിസണ്‍സും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന സൂചനയേത്തുടര്‍ന്നാണ് ചില ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുന്നത്. ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫുഡ് സ്റ്റാന്‍ഡേഡ്‌സ് ഏജന്‍സിയാണ് വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
മുട്ടയടങ്ങിയ ലൈല മിന്റ് സോസ് ആണ് ആസ്ഡ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്ന്. ഇതില്‍ മുട്ട ഉപയോഗിച്ചിരിക്കുന്നതായി ലേബലില്‍ സൂചിപ്പിച്ചിട്ടില്ല. മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മുട്ട ഉപയോഗിച്ചിരിക്കുന്നത് മനസ്സിലാക്കാതെ സോസ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. പിആര്‍210617സി2 (PR210617C2) ബാച്ച് നമ്പറുള്ള ഒരു ലിറ്ററിന്റെ പായ്ക്കറ്റിന്റെ ലേബലിലാണ് അസംസ്‌കൃത വസ്തുക്കളേക്കുറിച്ച് രേഖപ്പെടുത്താതെ വിപണിയെലെത്തിയിരിക്കുന്നത്. 2018 ജൂണ്‍ 21 വരെ കാലാവധിയുള്ള ഉല്‍പ്പന്നം മുട്ടയോട് അലര്‍ജിയുള്ള ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ നേരത്തെ വാങ്ങിച്ചവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരിച്ചേല്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുന്നതാണ്.
അലര്‍ജി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മോറിസണ്‍സും വിപണിയില്‍ നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. സ്വന്തം ഉല്‍പ്പന്നമായ പെന്‍ ബോളോണീസ് ബെയ്ക്കാണ് മോറിസണ്‍സ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍ ബോളോണീസ് ബെയിക്കില്‍ സെലറി അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചിരിക്കുന്ന വിവരം ലേബലില്‍ സൂചിപ്പിച്ചിട്ടില്ലെന്നതാണ് കാരണം. സെലറിയോട് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള ഉപഭോക്താക്കളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. ഫെബ്രുവരി 18 മുതല്‍ 23 വരെ വിറ്റഴിച്ചിട്ടുള്ള 400 ഗ്രാം പെന്‍ ബോളോണീസ് ബെയ്ക്കിന്റെ പായ്ക്കറ്റാണ് പിന്‍വലിക്കുന്നത്. സെലറിയോട് അലര്‍ജിക്കായ ആളുകള്‍ ഈ പ്രോഡക്ട് ഉപയോഗിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Leave a Reply