ആഷ്ഫോർഡ് :- കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18 -മത് “കായികമേള ” ആഷ്ഫോർഡ് റഗ്ബി ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സൗമ്യ ജിബി കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ട്രീസാ സുബിൻ , റെജി ജോസ് , സോണി ചാക്കോ എന്നിവരും , കമ്മിറ്റി അംഗങ്ങളും , നൂറുകണക്കിന് അസോസിയേഷൻ അംഗങ്ങളും ചേർന്ന് കായികമേള മഹാ സംഭവമാക്കി മാറ്റി.

ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ “ആറാട്ട് – 2022 ” പ്രസിഡൻറ് സൗമ്യ ജിബി പ്രകാശനം ചെയ്ത് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസിന് കൈമാറി.

കൊച്ചുകുട്ടികളുടെ ഓട്ടമത്സരത്തോടു കൂടി മത്സരങ്ങൾ ആരംഭിച്ചു . നാട്ടിൽ നിന്ന് കടന്നുവന്ന മാതാപിതാക്കളുടെ നടത്ത മത്സരം, ലെമൺ ആന്റ് സ്പൂണ്‍ റേസ്, ഷോർട്ട് പുട്ട് എന്നിവ കാണികളിൽ കൗതുകമുണർത്തി.

ഫുഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ച ഉച്ചഭക്ഷണത്തോടൊപ്പം 1 തയ്യാറാക്കിയ വീശി അടിച്ച നാടൻ പൊറോട്ട മുതിർന്നവർക്കും , കുട്ടികൾക്കും വേറിട്ട അനുഭവമായിരുന്നു. കാണികൾക്കും , മത്സരാർത്ഥികൾക്കുമായി അസോസിയേഷൻ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് , സോജ മദുസൂദനൻ , ലിൻസി അജിത്ത്, സ്നേഹ അജിത്ത് എന്നിവർ നേതൃത്വം നൽകി.

കായികമേളയുടെ രണ്ടാം ദിവസം കെന്റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബ്ബുകളിൽ കളിക്കുന്ന മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടുകൂടി ആരംഭം കുറിച്ചു. ശേഷം മുതിർന്നവരുടെ ആവേശകരമായ ഫുട്ബോൾ മത്സരവും അവസാന പന്ത് വരെ ഉദ്വേഗമുണർത്തിയ ക്രിക്കറ്റ് മത്സരവും അരങ്ങേറി. പ്രസ്തുത മത്സരങ്ങൾ ദർശിക്കുവാൻ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകൾ പവലിയനിൽ സന്നിഹിതരായിരുന്നു .

ചെസ്സ് , കാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തീയതി പുറകാലെ അറിയിക്കുന്നതാണെന്ന് സ്പോർട്സ് കമ്മിറ്റി അറിയിച്ചു.

ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻറെ 18 -മത് കായികമേള മുൻ വർഷങ്ങളേക്കാൾ മികവുറ്റതും , ജനകീയവുമാക്കിയ അംഗങ്ങൾക്കും , മത്സരങ്ങൾ നിയന്ത്രിച്ച ജോജി കോട്ടക്കൽ, ജോൺസൺ തോമസ്, ആൽബിൻ , സനൽ എന്നിവർക്കും സരസമായ ഭാഷയിൽ മത്സരങ്ങളുടെ വിവരണം നൽകിയ സോണി ചാക്കോയ്ക്കും വിദേശികളായ കാണികൾക്കും അസോസിയേഷൻ സെക്രട്ടറി ട്രീസാ സുബിൻ നന്ദി പ്രകാശിപ്പിച്ചു.

“ആറാട്ട് -2022 “

ഗൃഹാതുര സ്മരണകൾ നിറയുന്ന തിരുവോണത്തെ വരവേൽക്കാൻ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. നിറപറയും , നിലവിളക്കും സാക്ഷിയാക്കി കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ സെപ്റ്റംബർ 24 ാം തീയതി ശനിയാഴ്ച രാവിലെ 10.00 മണി മുതൽ അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യക്ക് ശേഷം “ആറാട്ട് – 2022 ” ന് തിരിതെളിയും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, വടംവലി മത്സരം, സാംസ്കാരിക ഘോഷയാത്ര, ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.