ആഷ്‌ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം (പൂരം 2019) ആഷ്‌ഫോർഡ് നോർട്ടൻ നാച്ബുൾ സ്കൂളിൽ ( മാവേലി നഗർ ) രാവിലെ 10 മണിക്ക് സ്കൂൾ മൈതാനത്തിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെ കൂടി ആരംഭിച്ചു. ഹോഴ്സ് യാത്രയ്ക്ക് സജികുമാർ (പ്രസിഡന്റ്), ആൻസി സാം (വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് കാനുക്കാടൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകി. മാവേലി, നാടൻ കലാരൂപങ്ങൾ, വിവിധ പ്രച്ഛന്നവേഷങ്ങൾ, താലപ്പൊലി എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.
തുടർന്ന് നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് 7 ഗാനങ്ങൾക്ക് അനുസരിച്ച് അവതരിപ്പിച്ച ഫ്ലാഷ് മോബ് ഹാളിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ആഷ്‌ഫോർഡ്കാർക്കു പുതിയൊരനുഭവമായി.
ശേഷം സംഘടനയിലെ കുട്ടികൾ, പുരുഷൻമാർ, സ്ത്രീകൾ എന്നിവരുടെ വാശിയേറിയ വടംവലി മത്സരവും നടന്നു. അതു പോലെ നാടൻ പഴവും മൂന്നുതരം പായസവും ഉൾപ്പെടെ 27 ഇനങ്ങൾ തൂശനിലയിൽ വിളമ്പി കൊണ്ടുള്ള ഓണസദ്യ അതീവ ഹൃദ്യമായിരുന്നു.
സദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ മുൻ മേയറുമായിരുന്ന ഫിലിപ്പ് എബ്രഹാം മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ജോജി കോട്ടക്കൽ സ്വാഗതമാശംസിച്ചു. മുൻ പ്രസിഡണ്ട് ജസ്റ്റിൻ ജോസഫ്, ഏതൻ ജോൺസൺ (യുവജനപ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി.സുബിൻ തോമസ്, അക്സ സാം, ജോസ് കാനുക്കാടൻ, മാവേലി ആയ രാകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫിലിപ്പ് എബ്രഹാമിനെ ജോയിന്റ് സെക്രട്ടറി സുബിൻ തോമസ് പൊന്നാട ചാർത്തിയും, അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. സോനു സിറിയക് സമ്മേളനം നിയന്ത്രിക്കുകയും, വൈസ് പ്രസിഡന്റ് ആൻസി സാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇംഗ്ലണ്ടിനെ ഉദ്യാനമായ കെന്റിലെയും, കേരള നാടിന്റെ ചാരുതയാർന്ന സുന്ദര ദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണ ഗാനത്തിനു ശേഷം രാജേഷ് ബേസിംഗ് സ്റ്റോക്കിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടി പൂരം -2019നു തിരശ്ശീല ഉയർന്നു. തുടർന്ന് മുപ്പതോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച രംഗപൂജയ്ക്കു തുടക്കമായി. ബംഗറാ ഡാൻസ്, സ്കിറ്റുകൾ, നാടോടിനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും തിരുവാതിര, വില്ലടിച്ചാൻ പാട്ട്, എന്നിവ പൂരം -2019 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിനും, മനസ്സിനും കുളിരലകൾ ഉണർത്തിയെന്നു കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. രാത്രി 10 മണിയോടുകൂടി സമ്മാനദാനത്തിനു ശേഷം പരിപാടികൾ അവസാനിച്ചു.
പൂരം -2019 മഹാ വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും, വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
Leave a Reply