ലണ്ടൻ: സ്വന്തമായി വിമാനം നിർമ്മിച്ചു യുകെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു ആലപ്പുഴക്കാരൻ. കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും മുൻ മന്ത്രിയുമായ എ വി താമരാക്ഷന്റെ മകൻ അശോക് താമരാക്ഷനാണ് സ്വന്തമായി ആരെയും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വിമാനം നിർമ്മിച്ചിരിക്കുന്നത്. ഒറ്റപ്പാലം കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അശോക്, തുടർ പഠനത്തിനായിട്ടാണ് യുകെയിൽ എത്തിയത്. പഠനവും ജോലിയുമായി 15 വർഷത്തോളമായി യുകെയിൽ തുടരുകയാണ്. കോവിഡ് മഹാമാരിയുടെ സമയത്താണ് ഇങ്ങനെ ഒരു ആഗ്രഹം മനസ്സിൽ കയറിയതെന്നും, പിന്നീട് അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമവുമാണ് ഇതിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘താമസസ്ഥലത്ത് എയർഫീൽഡ് ഉണ്ടായിരുന്നു എല്ലാ ദിവസവും കാണുന്നത് വിമാനം ആയതുകൊണ്ടാകാം ഇങ്ങനെ ഒരു ആഗ്രഹം അശോകൻെറ മനസ്സിൽ കയറിയത്. മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ചത് കൊണ്ട് മാത്രമല്ല, ചെറുപ്പം മുതൽ തന്നെ സാധനങ്ങൾ ഒക്കെ അഴിച്ചു പണിയാൻ ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതൊക്കെയാണ് ഇവിടെ കരുത്തുപകർന്നത്. ജോലിക്കിടയിലാണ് വിമാന നിർമാണത്തിന് സമയം കണ്ടെത്തിയത്. പൈലറ്റ് ആകാനുള്ള പരീക്ഷ അതിന് വേണ്ടി ആദ്യം പാസ്സായി. “ഒത്തിരി കടമ്പകൾ ഉണ്ടായിരുന്നു. ട്രെയിനിങ് സെഷനുകൾ, എക്സാം ഇങ്ങനെ എല്ലാവിധ പരീക്ഷണങ്ങളും കടന്നാണ് ടെസ്റ്റ് പാസ്സ് ആയത്”-അശോക് പറഞ്ഞു.
വിമാന നിർമാണത്തിന് ഏകദേശം 18 മാസം സമയമെടുത്തു. എന്നാൽ പൈലറ്റ് ലൈസൻസ് കിട്ടിയപ്പോൾ ആദ്യം വിമാനം വാങ്ങാനാണ് തീരുമാനിച്ചതെന്നും, എന്നാൽ വില താങ്ങാനാകാത്തതിനാലാണ് നിർമാണം എന്ന ആശയത്തിലേക്ക് കടന്നതെന്നും അശോക് വ്യക്തമാക്കി. ഇപ്പോൾ കൂടുതലും യാത്രകൾക്കും വിമാനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രീയ എന്നിവിടങ്ങളിൽ വിമാനവുമായി യാത്ര പോയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘നിർമാണ ഘട്ടത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചു, 250 കിലോമീറ്ററാണ് പരമാവധി വേഗത. വരും വർഷങ്ങളിൽ കൂടുതൽ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നത്’ അശോക് കൂട്ടിച്ചേർത്തു. ഭാര്യ അഭിലാഷ ദുബയും മകൾ ദിയയും അശോകിനു പിന്തുണയുമായി ഒപ്പമുണ്ട്.
Leave a Reply