ബിനോയി ജോസഫ്

“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.

മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.

മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.